2011, മാർച്ച് 31, വ്യാഴാഴ്‌ച

തൊഴില്‍ നിക്ഷേപ സംസ്കാരം ഉറപ്പുവരുത്തുന്ന വികസനനയവുമായി ഖത്തര്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: തൊഴില്‍ നിക്ഷേപ സംസ്കാരം ഉറപ്പുവരുത്തുന്ന വികസനനയവുമായി ഖത്തര്‍ 2011-16 ദേശീയ വികസന നയം പ്രഖ്യാപിച്ചു. രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ സാന്നിധ്യത്തില്‍ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് അഞ്ചുവര്‍ഷത്തേക്കുള്ള വികസന നയപ്രഖ്യാപനം നടത്തിയത്.
 ’ഖത്തര്‍ നാഷനല്‍ വിഷന്‍ 2030 മുന്‍നിര്‍ത്തിയാണ്‌ രൂപരേഖയാണു തയറാക്കിയിരിക്കുന്നത്. ഖത്തര്‍ നാഷനല്‍ വിഷന്‍ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച സുപ്രീം ഓവര്‍സൈറ്റ് കമ്മിറ്റിയുടെ തലവന്‍ കൂടിയാണ്‌ ഇദ്ദേഹം.

പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തുക കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാനും പാഴ്ച്ചെലവുകള്‍ ഒഴിവാക്കാനും വികസനത്തിനായുള്ള മുന്‍ഗണനാക്രമം വ്യക്തമാക്കുന്നതിനും കൂടുതല്‍ മികച്ച തൊഴില്‍ ‍,നിക്ഷേപ സംസ്കാരം ഉറപ്പുവരുത്തുന്ന രിതിയിലാണ്‌ വികസനനയം രൂപീകരിച്ചതെന്ന്‌ ഇദ്ദേഹം വ്യക്തമാക്കി. സ്വകാര്യ , പൊതു മേഖലാ കമ്പനികളുമായും വിദഗ്ധരുമായും പൊതുജനങ്ങളുമായും വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മികച്ച നിര്‍ദേശങ്ങളും പദ്ധതികളും കൂട്ടിയിണക്കിയാണ്‌ നയം രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകൃതിവാതക മേഖലയില്‍ 20 വര്‍ഷത്തെ നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ വികസന പദ്ധതി കാലയളവില്‍ ഈ മേഖലയില്‍ നിന്നുള്ള വരുമാനം ഗണ്യമായി വര്‍ധിക്കുമെങ്കിലും മറ്റു മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ്‌ വികസന നയം പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2012-16 കാലയളവില്‍ വളര്‍ച്ചാ നിരക്ക് കുറയുമെങ്കിലും വരുമാനനിരക്ക് ഉയര്‍ന്നു തന്നെയിരിക്കും. ഇതിനായി വാതക ഇതരമേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. ഗതാഗതം,വാര്‍ത്താ വിനിമയം, ബിസിനസ്, സാമ്പത്തിക സേവന മേഖലകളും മികച്ച വളര്‍ച്ച രേഖപ്പെടുത്തും. നിര്‍മാണമേഖലയിലും ക്രമമായ വളര്‍ച്ചാ നിരക്കുണ്ടാകുമെന്നും വികസന രേഖയില്‍ പറയുന്നുണ്ട്.

2022 ലെ ലോകകപ്പ്‌ ഫുട്ബോള്‍ കൂടി മനസ്സില്‍ കണ്ടാണ്‌ ദേശീയ വികസന രേഖ പുറത്തിറക്കിയിരിക്കുന്നത്. റോഡ്, വിമാനത്താവളം തുടങ്ങിയ പദ്ധതികളും മറ്റ് ഗതാഗത പദ്ധതികളും ലോകകപ്പോടുകൂടി നടപ്പിലാക്കും.  ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ല്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന അഞ്ച് പ്രധാന വെല്ലുവിളികള്‍ നേരിടുകയാണു വികസന നയത്തിന്റെ സുപ്രധാന ലക്ഷ്യം.ഖത്തര്‍ നാഷനല്‍ വിഷന്‍ മികച്ച രീതിയില്‍ നടപ്പിലാക്കാനുള്ള സുവര്‍ണാവസരമായി ലോകകപ്പിനെ കാണണമെന്നാണ് അധികൃതരും സാമ്പത്തിക വിദഗ്ധരും ഒരുപോലെ ചൂണ്ടികാട്ടുന്നത്.

രാജ്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനൊപ്പം അറബ് സംസ്കാരവും പാരമ്പര്യവും മികച്ചരീതിയില്‍ സംരക്ഷിക്കാനും പദ്ധതിയുമുണ്ട്. പുതിയ തലമുറയുടെയും ഇനി വരുന്ന തലമുറകളുടെയും ആവശ്യങ്ങള്‍ സന്തുലിതമായി നിലനിര്‍ത്തുക, വളര്‍ച്ച നിലനിര്‍ത്തുന്നതിനൊപ്പം അനിയന്ത്രിതമായ വികസനം നിയന്ത്രിക്കുക, രാജ്യത്തെ പ്രവാസി വിഭാഗത്തിന്റെ എണ്ണവും മികവും സന്തുലിതമാക്കുക, സാമ്പത്തിക വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും സാമൂഹിക വികസനവും ഉറപ്പുവരുത്തുക എന്നിവയാണ്‌ മറ്റു വെല്ലുവിളികള്‍ ‍. ഇവ മികച്ച രീതിയില്‍ മറികടക്കുന്നതിനായി ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യ, തൊഴില്‍ തുടങ്ങിയ  വിഭാഗങ്ങള്‍ രൂപീകരിച്ച് അതിനനുസരിച്ചായിരിക്കും വികസന പ്രവര്‍ത്തനങ്ങളെന്നും പദ്ധതിയില്‍ പറയുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ