2011, മാർച്ച് 23, ബുധനാഴ്‌ച

ജപ്പാന്‍ ദുരന്തം ആഗോളവ്യാപാരം മന്ദഗതിയിലാക്കും : ആര്‍ . സീതാരാമന്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ജപ്പാനിലുണ്ടായ പ്രകൃതി ദുരന്തം മറ്റു രാജ്യങ്ങളുടെ സാമ്പത്തികഘടനയിൽ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തികവിദഗ്ധനും ദോഹാ ബാങ്ക് സി.ഇ.ഒ.യുമായ ആർ ‍. സീതാരാമന്‍ പറഞ്ഞു. 
ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതത്തില്‍നിന്നും ലോകം സാവധാനം കരകയറിക്കൊണ്ടിരിക്കെ ഉണ്ടായ ഈ വന്‍ദുരന്തം ജപ്പാന്റെ ഉത്പാദനമേഖലയെയും വളര്‍ച്ചയെയും എത്രയോ വര്‍ഷങ്ങള്‍ പിന്നോട്ടേക്കുവലിച്ചിരിക്കുകയാണ്. ലോകവിപണിയില്‍ ജപ്പാന്റെ ഉത്പന്നങ്ങള്‍ നിറഞ്ഞ സാന്നിധ്യമായിരിക്കെ അതിന്റെ ആഗമനത്തിലുള്ള കുറവ് ജപ്പാന്റെ സാമ്പത്തികവരുമാനത്തില്‍ ഗണ്യമായ വ്യത്യാസം വരുത്തും.ഇലക്‌ട്രോണിക് വിപണിയിലും വാഹനരംഗത്തും ജപ്പാന്റെ സാന്നിധ്യം വിപണിയില്‍ വളരെ പ്രധാനമാണ്. ഉത്പാദന രംഗത്തിനുപുറമെ ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളെയും ദുരന്തം ബാധിക്കുമെന്നദ്ദേഹം പറഞ്ഞു.
ജപ്പാന്‍ പ്രകൃതിദുരന്തത്തിന്റെ ആഘാതത്തില്‍നിന്നും എത്രവേഗം കരകറയുന്നുവോ അതിനനുസൃതമായിട്ടായിരിക്കും, ഓസ്‌ട്രേലിയയിലെ തൊഴിലാളികളുടെയും, ചൈനയിലെ അസംബ്ലിങ് യൂണിറ്റുകളുടെയും അമേരിക്കയിലെ ഡക്ക് തൊഴിലാളികളുടെയും നിലനില്‍പ്പ്.ജപ്പാനില്‍ നിര്‍മിക്കുന്ന വിവിധ കമ്പനികളുടെ പാര്‍ട്‌സുകളാണ് ചൈനയിലെ അസംബ്ലിങ് യൂണിറ്റുകള്‍ക്കനുഗ്രഹം. ഓസ്‌ട്രേലിയയിലെ മൈനുകളില്‍നിന്നാണ് ജപ്പാനിലേക്ക് കാര്യമായി കല്‍ക്കരികള്‍ അയയ്ക്കപ്പെടുന്നത്. ജപ്പാനില്‍നിന്നും വരുന്ന കപ്പലുകളെ ആശ്രയിച്ചുകഴിയുന്നവരാണ് അമേരിക്കയിലെ ഡക്ക് തൊഴിലാളികൾ ‍.
ഇലക്‌ട്രോണിക്, വാഹന ഉത്പന്നങ്ങള്‍ കയറ്റിഅയയ്ക്കുന്ന ജപ്പാന്‍ ഭക്ഷ്യഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നു. അസംസ്‌കൃതവസ്തുക്കളുംമറ്റും ഇറക്കുമതിചെയ്യുന്നു. ദുരന്തം കയറ്റുമതിരംഗത്തും ഇറക്കുമതിരംഗത്തും പ്രതികൂലാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.യൂറോപ്യന്‍ യൂണിയൻ ‍, ചൈന, അമേരിക്ക, ഓസ്‌ട്രേലിയ, വന്‍ സാമ്പത്തികശക്തികളുമായി സഹകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ജപ്പാൻ ‍. ജപ്പാനിലുണ്ടായ ഈ പ്രതിസന്ധികള്‍ ലോകത്തിലെ പ്രമുഖരാജ്യങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അത് മറ്റുരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ചയെയും പിടിച്ചുകുലുക്കുമെന്നും സീതാരാമന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ