2011, മാർച്ച് 12, ശനിയാഴ്‌ച

പ്രവാസിവോട്ട് പോരായ്മകള്‍ പരിഹരിച്ചു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായാണ് പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കിയത് . എന്നാല്‍ നിയമത്തിലെ ചിലപോരായ്മകള്‍ പ്രവാസികളെ ഏറെ കഷ്ട്ത്തിലാക്കുന്ന കാഴ്ച്ചയായിരുന്നു ഇതുവരെ കണ്ടു വന്നിരുന്നത്. ഈ പോരായിമ പരിഹരിച്ചതോടെ പ്രവാസിവോട്ടിനായി അപേക്ഷ സമര്‍പ്പിക്കാന്നുള്ള നടപടികള്‍ ശക്തമാക്കി. 
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പ്രവാസികളുടെ അപേക്ഷക്കൊപ്പമുള്ള രേഖകള്‍ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവായതും അപേക്ഷകള്‍ നാട്ടില്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 26 വരെ നീട്ടിയതും കൂടുതല്‍ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി.

പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാന്‍ പ്രധാന തടസ്സമായി നിന്നത് നിശ്ചിത ഫീസടച്ച് രേഖകള്‍ എംബസിയില്‍ നിന്ന് തന്നെ സാക്ഷ്യപ്പെടുത്തി അയക്കണമെന്ന നിര്‍ദേശമായിരുന്നു. നടപടിക്രമങ്ങള്‍ സുഗമമാക്കണമെന്നും ഫീസ് ഒഴിവാക്കണമെന്നും വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന ഔദ്യോഗിക ഉത്തരവുണ്ടായത്. ഇതുസംബന്ധിച്ച പ്രവാസികാര്യ, നീതിന്യായ മന്ത്രാലയങ്ങളുടെ വിജ്ഞാപനം കഴിഞ്ഞദിവസം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു.

വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കുക എന്ന കടമയാണ്‌ പ്രവാസികളായ നമ്മള്‍ ആദ്യമായി ചെയ്യേണ്ടത്. രണ്ടായിരത്തി പതിനൊന്ന്‌ ജനുവരി ഒന്നിന് പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വന്തം നാടായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.ഇതിനായി പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഏത് മണ്ഡലത്തിലാണോ ആ മണ്ഡലത്തിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ്‌ ഫോട്ടോ പതിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടാതെ നാട്ടിലെത്തി നേരിട്ടോ തപാല്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. തപാല്‍വഴി അയയ്‌ക്കേണ്ട മേല്‍വിലാസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. http://eci.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിഷ്‌കര്‍ഷിച്ച ഫോം നമ്പര്‍ 'ആറ്-എ' ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതത് നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന താലൂക്ക് ഓഫിസുകളിലേക്കാണ് അപേക്ഷ അയക്കേണ്ടത്.ഖത്തറിലെ ഇന്‍കാസ് ഓഫീസിലും കെ.എം.സി.സി ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ