2011, മാർച്ച് 6, ഞായറാഴ്‌ച

പ്രവാസിവോട്ടര്‍ക്ക് ഇക്കുറി പൊന്നുവില

അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി പ്രവാസി വോട്ടര്‍മാര്‍ തങ്ങളുടെ പ്രതിനിധികളെ നിശ്ചയിക്കുന്നതില്‍ പങ്കുവഹിക്കും.  എന്നാല്‍ ഇലക്ഷന്‍ സമയത്ത് നാട്ടില്‍ ഉണ്ടാകണമെന്നു മാത്രം. തപാല്‍വോട്ട് പ്രതീക്ഷ ഇപ്പോഴും അകലെത്തന്നെ.  ഏതായാലും കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവാസിവോട്ടര്‍മാര്‍ ഇക്കുറി തല ഉയര്‍ത്തിനില്‍ക്കും. 
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഓരോ വോട്ടും അക്ഷരാര്‍ത്ഥത്തില്‍ വിധിനിര്‍ണയിക്കുന്ന ഈ തെരഞ്ഞെടുപ്പില് ‍നിരവധി മണ്ഡലങ്ങളില്‍ അവര്‍ നിര്‍ണായകവുമാകും. കേന്ദ്ര ന്യൂനപക്ഷകാര്യ, വിദേശകാര്യ, പ്രവാസികാര്യ വകുപ്പുകളുമായി പലവട്ടം നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രവാസി ഇന്ത്യക്കാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

വിദേശത്തു ജീവിക്കുന്ന, മറ്റൊരു രാജ്യത്തും പൗരത്വമില്ലാത്ത ഇന്ത്യക്കാര്‍ അവരുടെ നിയോജകമണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയാല്‍ മതിയെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി വ്യക്തമാക്കി. തുടര്‍ച്ചയായി ആറു മാസത്തില്‍കൂടുതല്‍ കാലം വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ലഭിക്കുന്ന ആദ്യ അവസരം എന്ന നിലയില്‍ ഇതിനു
ചരിത്രപ്രാധാന്യമുണ്ട്. ആറ് മാസത്തില്‍ കൂടുതല്‍ പുറത്തുജീവിക്കുന്നവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നു നീക്കുന്നതായിരുന്നു ഇതുവരെ നിയമപ്രകാരം തന്നയുള്ള രീതി. ജനപ്രാതിനിധ്യ നിയമത്തില്‍ കഴിഞ്ഞ വര്‍ഷം സുപ്രധാന ഭേദഗതി വരുത്തിയാണിത് മാറ്റിയത്.

11 ദശലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ നീണ്ടകാലത്തെ ആഗ്രഹവും ആവശ്യമാണ് നാട്ടിലെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിലുള്ള പങ്കാളിത്തം. കഴിഞ്ഞ വര്‍ഷമാദ്യം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അവര്‍ക്ക് വോട്ടവകാശം ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതി പാര്‍ലമെന്റ് പാസാക്കുകയും ചെയ്തു. അവരവര്‍ജീവിക്കുന്ന രാജ്യത്തെ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് അറ്റസ്റ്റു ചെയ്ത വ്യക്തമായ രേഖകളും പാസ്‌പോര്‍ട്ടിന്റെ കോപ്പിയും ഉള്‍പ്പെടെ തപാലില്‍  ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അയച്ചുകൊടുത്താലും മതി. ലിസ്റ്റില്‍ ഉള്‍പ്പെട്ടുകഴിഞ്ഞാല്‍  അയാള്‍ (അവര്‍) സ്വന്തം മണ്ഡലത്തിലെ പ്രവാസി വോട്ടറായി. അപേക്ഷയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനം എന്താണെന്ന് അപേക്ഷകനെ വിദേശത്തെ വിലാസത്തിലും അപേക്ഷയില്‍ നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പറില്‍ എസ്എംഎസ് വഴിയും അറിയിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ