2011, മാർച്ച് 7, തിങ്കളാഴ്‌ച

നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തു,പ്രചരണം പ്രവാസലോകത്തും

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ പ്രവാസി സംഘടനകള്‍  ഖത്തറില്‍ സജീവമാകുന്നു. വിദേശ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താന്‍ നിയമാനുമതി ലഭിച്ചതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായതിന്നാൽ ഗള്‍ഫിലുള്ളവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന്നായി പ്രവാസി സംഘടനകൾ ശ്രമം തുടങ്ങി.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസ് പ്രവര്‍ത്തകര്‍ സ്വന്തം  വീടുകളും ബന്ധുവീടുകളുമായി ബന്ധപ്പെട്ട് പരമാവധി വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥിക്കായി സമാഹരിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരുകൂട്ടം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായിഅവധിയെടുത്ത്  നാട്ടിലേക്ക് പോകുന്നുമുണ്ട്. കൂടാതെ നാട്ടിലുള്ള വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളോടും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ യോഗങ്ങള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അവധിക്ക് പോകാനിരിക്കുന്നവര്‍ കഴിവതും തെരഞ്ഞെടുപ്പിനോടടുത്ത തീയതികളില്‍ നാട്ടിലെത്താന്‍ ശ്രമിക്കണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടിൽ പോകാത്തവർ ഫോണ്‍ വഴി നാടുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും പരിചയത്തിലുള്ളവരുടെയും വോട്ടുകള്‍ ഉറപ്പാക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയും  മണ്ഡലം, ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെയും യോഗം കെ.എം.സി.സി. ആസ്ഥാനത്ത് ചേര്‍ന്ന് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്തു.പ്രവാസികൾക്ക് വോട്ടവകാശം ലഭ്യമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ നമുക്ക് ഏതു വിധത്തില്‍ ഭാഗഭാക്കുകളാകാന്‍ കഴിയുമെന്നതു സംബന്ധിച്ച് ചര്‍ച്ചനടത്തി.

ഇടതുപക്ഷ അനുകൂലസംഘടനയായ സംസ്‌കൃതിയും തിരഞ്ഞെടുപ്പില്‍ ഏതു രൂപത്തില്‍ ഇടതുപക്ഷത്തിന് കരുത്തുപകരാന്‍ കഴിയുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരുന്നു. പരമാവധി പ്രവര്‍ത്തകരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടന്നുവരുന്നുണ്ട്.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ