2011, മാർച്ച് 10, വ്യാഴാഴ്‌ച

എണ്ണ വില ബാരലിന് 106 ഡോളര്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : എണ്ണയുടെ വില ഇന്നലെ ബാരലിന് രണ്ട് ഡോളര്‍ ഉയര്‍ന്ന് 106 ഡോളറിലെത്തി. കഴിഞ്ഞ 20 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.വിപണിയില്‍ എണ്ണയുടെ ലഭ്യതയും ശേഖരവും സുഗമമായ നിലയിലാണെങ്കിലും ലിബിയയിലെ ആഭ്യന്തരസംഘര്‍ഷം മൂലം ലിബിയയില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടത് എണ്ണ വിലയെ ബാധിച്ചതാണ്‍ ഈ വര്‍ദ്ധനവിനു കാരണം.


1.6 ബില്ല്യണ്‍ ബാരലാണ് ലിബിയയുടെ പ്രതിദിന എണ്ണ ഉല്‍പാദനം.  ലിബിയയിലെ പ്രശ്‌നങ്ങള്‍ മൂലം ഒപെക് രാജ്യങ്ങളുടെ മൊത്തം എണ്ണ സമ്പത്തില്‍ പ്രതിദിനം ഒരു ബില്ല്യണ്‍ ബാരലിന്റെ കുറവുവന്നതായി അന്താരാഷ്ട്ര ഊര്‍ജ ഏന്‍സി പറയുന്നു. ഒപെകിന്റെ പതിവ് യോഗം ജൂണില്‍ വിയന്നയിലാണ് ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുമ്പ് അംഗങ്ങളുടെ അസാധാരണയോഗം വേണമോ എന്ന് തീരുമാനിക്കാന്‍ എണ്ണ വിപണിയെ ഒപെക് നിരീക്ഷിച്ചുവരികയാണ്.

ലിബിയയുടെ ഉല്‍പാദനത്തില്‍ കുറവുവന്നതോടെ സൗദി അറേബ്യ കഴിഞ്ഞ ആഴ്ച ഉല്‍പാദനം പ്രതിദിനം 90 ലക്ഷം ബാരലായി ഉയര്‍ത്തിയിരുന്നു. ലിബിയന്‍ പ്രതിസന്ധിമൂലം എണ്ണ ഉല്‍പാദനത്തിലുണ്ടായ വിടവ് നികത്താന്‍ തയാറാണെന്ന് സൗദി വ്യക്തമാക്കുകയും ചെയ്തിരുന്നു. വിപണിയില്‍ ക്ഷാമമുണ്ടായാല്‍ പരിഹരിക്കാമെന്ന് പല രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിപണിയില്‍ എണ്ണയുടെ ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി മുഹമ്മദ് സാലിഹ് അല്‍ സാദഃ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ