2011, മാർച്ച് 22, ചൊവ്വാഴ്ച

വിസാ തട്ടിപ്പ് നടത്തി മലയാളി മുങ്ങി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: റീതാജ് ഖത്തര്‍ ട്രേഡിംഗ് കമ്പനിയില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളി മുങ്ങി. കമ്പിനിയുടെ ഹ്യുമന്‍ റിസോഴ്‌സ് മാനേജരായിരുന്ന തിരുവനന്തപുരം പിരപ്പന്‍കോട് വേലാവുര്‍ പള്ളിവിള പുത്തന്‍വീട്ടിലെ കമാലുദ്ദീനാണ്‌ തട്ടിപ്പ് നടത്തിയത്. റിക്രൂട്ട്‌മെന്റ് മാനേജരുടെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹം കമ്പനിയുടെ പേര് ഉപയോഗിച്ച് സ്വന്തമായി നടത്തിയ ഇടപാടുകള്‍ വഴി ലക്ഷക്കണക്കിന് റിയാലിന്റെ നഷ്ടമുണ്ടായതായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് സിദ്ദീഖ് പറഞ്ഞു. 
ഖത്തറിലെ പല കമ്പനികളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് റീതാജിന് ലൈസന്‍സുള്ള ഈ ഗ്രൂപ്പിന്റെ പേരും മറ്റും ഉപയോഗിച്ച് മറ്റ് കമ്പനികളെ ബന്ധപ്പെടുന്ന കമാലുദ്ദീന്‍ സ്വന്തം കമ്പനി അറിയാതെ ഇടപാടുകള്‍ നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ് ചെയ്ത്‌ത്‌. റിക്രൂട്ട്‌മെന്റിനായി പല കമ്പനികളില്‍ നിന്ന് ലഭിച്ച വിസകള്‍ വില്‍ക്കുകയും സര്‍വീസ് ചാര്‍ജായി ലഭിക്കുന്ന തുക വങ്ങിയുമാണ്‍ ഇദ്ദേഹം തട്ടിപ്പ് നടത്തിയത്. ഇതിനായി സ്വന്തം ഇമെയില്‍ ഐഡിയായിരുന്നു ഇദേഹം ഉപയോഗിച്ചിരുന്നത്.

ഇതിന് പുറമെ കമ്പിനിയുടെ പല ബിസിനസുകളും കമ്പനി അറിയാതെ മറിച്ചു നല്‍കി ഇയാള്‍ പണം പറ്റിയതായും മുഹമ്മദ് സിദ്ദീഖ് പറഞ്ഞു. വിസ നല്‍കാമെന്ന് പറഞ്ഞും പലരില്‍ നിന്നും വന്‍തുകകള്‍ വാങ്ങിയിട്ടുണ്ടെന്നും അറിയുന്നു. കമ്പനിയില്‍ നടന്ന വിശദമായ പരിശോധനയില്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ ബിസിനസ് ഗണ്യമായി കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടപാടുകള്‍ സ്വന്തം പേരിലാക്കി കമാലുദ്ദീന്‍ നടത്തിയ വന്‍ തട്ടിപ്പ് പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനി പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട തിരക്ക് മൂലം അടുത്ത നാളുകളില്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതാണ് തട്ടിപ്പിന് കാരണമായതെന്നും കമാലുദ്ദീന് കടമായി നല്‍കിയ അഞ്ച് ലക്ഷം രൂപ തിരിച്ചുകിട്ടാനുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഈ മാസമാദ്യത്തിലാണ്‌ ഇയാളെ കാണാതായത്.ഇതേ തുടര്‍ന്നു ഖത്തറിലെ ഇന്ത്യന്‍ എംബസിയിലും കോടതിയിലും പരാതി നല്‍കിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ കമാലുദ്ദീനെതിരെ ഖത്തറിലും ഇന്ത്യയിലും വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അറിയുന്നു.

ഇതേ തുടര്‍ന്ന് കമാലുദ്ധീനെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി അനില്‍ നോട്യാല്‍ , തിരുവനന്തപുരത്തെ സൈബര്‍ ക്രൈം എസ്.പിക്കും നോര്‍ക്ക ഡെപ്യൂട്ടി സെക്രട്ടറിക്കും കത്തയച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ