2011, മാർച്ച് 28, തിങ്കളാഴ്‌ച

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ല : നിസാര്‍ സഈദ്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നാടിനെയും ഭരണകൂടത്തെയും അറിയിക്കാനും ബോധ്യപ്പെടുത്താനും മാധ്യമങ്ങള്‍ വേണ്ടത്ര ശ്രമിക്കുന്നില്ലയെന്ന് റേഡിയോ ഏഷ്യയുടെ ചീഫ് കൗണ്‍സിലറും മുന്‍ ന്യൂസ് എഡിറ്ററുമായ നിസാര്‍ സഈദ് അഭിപ്രായപ്പെട്ടു. 
 'പ്രവാസം ജീവിതത്തിന്റെ കരുതിവെപ്പിന്'എന്ന പ്രമേയത്തില്‍ ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ (ഐ.വൈ.എ.) നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ 'പ്രവാസചിന്തകള്‍ ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ നഷ്ടപ്പെടുന്നവരുടെ വ്യഥ തൊഴിലില്ലായ്മയെക്കാള്‍ വലിയ സാമൂഹ്യപ്രശ്‌നമായി വളമെന്നും പ്രവാസികള്‍ നാട്ടിലേക്ക് തൊഴില്‍രഹിതരായി മടങ്ങേണ്ടിവരുന്ന സാഹചര്യവും ഭീതിയുമുണ്ടായിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഗൗരവത്തിലെടുത്തിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.  പ്രവാസി വോട്ടവകാശം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതില്‍ ഫലപ്രദമാവുമെന്ന പ്രതിക്ഷയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബങ്ങള്‍ക്ക് ധാര്‍മിക, സദാചാരമൂല്യങ്ങളും കാഴ്ചപ്പാടുകളും പകര്‍ന്നുനല്കാന്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രവാസിപണം ശരിയായി വിനിയോഗിക്കപ്പെട്ടിരുന്നെങ്കില്‍ കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരമാകുമായിരുന്നെന്ന് 'പ്രവാസികളും കേരളീയ പെതുസമൂഹവും' എന്ന വിഷയത്തില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകന്‍ പി.കെ. നിയാസ് പറഞ്ഞു. കേരളത്തിലെ അല്‍ബറക് സംരംഭം ഗള്‍ഫ്പ്രവാസികള്‍ക്ക് മികച്ച നിക്ഷോപവസരമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രവാസികളുട കുടുംബങ്ങള്‍ അനുഭവിക്കുന്ന മാനസികപ്രശ്‌നങ്ങള്‍ വെല്ലുവിളിയായി മാറിയതായും അദ്ദേഹം പറയുകയുണ്ടായി.
ഗള്‍ഫ് പണം കേരളത്തിന്റെ സാമൂഹിക പുരോഗതിയിലും വികസനത്തിലും വലിയ പങ്കുവഹിച്ചുവെങ്കിലും ഇത് ഉപഭോഗത്വരയെ വളര്‍ത്തിയതായും വിഷയാവതാരകന്‍ ഫസ്‌ലുര്‍ റഹ്മാന്‍ കൊടുവള്ളി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ