2011, മാർച്ച് 5, ശനിയാഴ്‌ച

സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചു; മലയാളികളുടെ ജയില്‍ മോചനത്തിന് വഴിതെളിയുന്നു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: സമുദ്രാതിര്‍ത്തിലംഘിച്ച കുറ്റത്തിനു  ജയിലിലായ അഞ്ച് മലയാളികളുടെ മോചനത്തിന് വഴിയൊരുങ്ങി. കോടതിവിധിച്ച പിഴക്കുള്ള തുക കേരള സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് ജയിൽ മോചനത്തിനു വഴിതുറന്നത്.
 
അഞ്ചുതെങ്ങ് മണ്ണാക്കുളം ചായക്കുടി പുരയിടത്തില്‍ നെല്‍സണ്‍ സ്റ്റാന്‍സിലാസ്, റീജിന്‍ ഔസേപ്പ്, ലോറന്‍സ് ഡിസൂസ, മോസസ് അല്‍ഫോണ്‍സ്, ജേക്കബ് അല്‍ഫോണ്‍സ് എന്നിവരുടെ മോചനത്തിനാണ് പിഴയടക്കാനുള്ള തുക നല്‍കാന്‍  സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞവർഷം മെയിലാണ് ഇവര്‍ അഞ്ചുപേരും ജോലിക്കായി ദുബൈയില്‍ എത്തിയത്. ഗള്‍ഫിലെത്തി മൂന്ന് മാസമായപ്പോള്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് മല്‍സ്യബന്ധനം നടത്തിയതിന് ഇവര്‍ ഖത്തര്‍ കോസ്റ്റ്ഗാര്‍ഡിന്റെ പിടിയിലുമായി.

ഇവര്‍ ജയിലിലായ വിവരം മാസങ്ങള്‍ കഴിഞ്ഞാണ് നാട്ടിലുള്ള വീട്ടുകാര്‍ അറിയുന്നത്. കേസ് പരിഗണിച്ച ഖത്തറിലെ കോടതി അഞ്ച് പേരും നിശ്ചിത തുക പിഴയായി കെട്ടിവെക്കണമെന്ന് ഉത്തരവായി.  ഭീമമായ തുക കെട്ടിവെക്കാനാകാത്തതിനാല്‍ അഞ്ചു പേരുടെയും ജയില്‍മോചനം നടന്നില്ല.

ഇവരുടെ കുടുംബാംഗങ്ങള്‍ ആനത്തലവട്ടം ആനന്ദന്‍ എം.എൽ ‍.എയെ കണ്ട് സഹായം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ എം.എൽ ‍.എ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു നിവേദനം നൽകിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിനായി കെട്ടിവെക്കാന്‍ പത്ത് ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ നോര്‍ക്ക വിഭാഗം മുഖേന ഖത്തറിലെ ഇന്ത്യന്‍ എംബസി വഴിയായിരിക്കും പിഴയടക്കുക. ഇതിനായി നോര്‍ക്കയെ ചുമതലപ്പെടുത്തിയീട്ടുള്ളതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ