2011, മേയ് 17, ചൊവ്വാഴ്ച

കൂടിവരുന്ന ആത്മഹത്യാനിരക്കിനെക്കുറിച്ച്‌ പഠനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: ഖത്തറില്‍ കൂടിവരുന്ന ആത്മഹത്യാനിരക്കിനെക്കുറിച്ച്‌ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മന:ശാസ്ത്രവിഭാഗം പഠനം നടത്തുന്നു. സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും ആത്മഹത്യകള്‍ നടക്കുന്നുണ്ടെങ്കിലും താഴ്ന്ന വരുമാനക്കാരായ പ്രവാസികളിലാണ് ആത്മഹത്യ കൂടുതലായി കാണുന്നത്.
 ഇതിന്നായി ലേബര്‍ ക്യാംപുകളും മറ്റും കേന്ദ്രീകരിച്ചു സാമ്പത്തിക ആസൂത്രണത്തെ പറ്റിയും മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചും ശാസ്ത്രീയമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ആത്മഹത്യാ പ്രവണത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ആത്മഹത്യയുമായി ബന്ധപ്പെട്ടു രാജ്യത്ത് ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് പഠനമൊന്നും നടക്കാറില്ലെന്നും കോര്‍പറേഷന്‍ മന:ശാസ്ത്രവിഭാഗം മേധാവി ഡോ.സുഹൈല അല്‍ ഖലൂം പറഞ്ഞു.ആത്മഹത്യ സംബന്ധിച്ച കണക്കെടുപ്പ് എന്നതിലുപരി ഇത്തരം സാഹചര്യത്തിലേക്കു നയിക്കുന്ന സാമൂഹികവും മാനസികവുമായ കാരണങ്ങളെക്കുറിച്ചുള്ള പഠനമാണ് നടത്തുന്നത്. ആത്മഹത്യ നടത്തുന്നവരുടെ പ്രായം, രാജ്യം, സാമ്പത്തിക സ്ഥിതി, സാമൂഹിക നിലവാരം തുടങ്ങിയ കാര്യങ്ങള്‍ പഠന വിഷയമാക്കുമ്പോള്‍ മാത്രമേ യഥാര്‍ഥ കാരണം കണ്ടെത്താനാവൂ എന്നും ഇവര്‍ പറഞ്ഞു.

മാനസിക സമ്മര്‍ദങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് സാധാരണ തൊഴിലാളികളെ മാനസിക രോഗങ്ങളിലേക്കും വിഭ്രാന്തിയിലേക്കും നയിക്കുന്നതെന്നു പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ വരുമാനം കൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത വരുമ്പോളാണ്‌ പലരും ആത്മഹത്യ ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. കുടുംബങ്ങളില്‍ നിന്നു കാര്യമായ പരിഗണന ലഭിക്കാത്തതും പഠന വിഷയത്തിലും മറ്റും  വീടുകളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദങ്ങളും പലപ്പോഴും വിദ്യാര്‍ഥികളെപോലും ആത്മഹത്യയിലേക്കു നയിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ