2011, മേയ് 6, വെള്ളിയാഴ്‌ച

സെന്‍ട്രല്‍ മാര്‍ക്കറ്റിലെ നിയമം, കച്ചവടക്കാര്‍ വിഷമത്തില്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ചില്ലറവില്പന ഒഴിവാക്കുന്ന പുതിയ നിയമം നൂറുകണക്കിന് പ്രവാസികലെ പ്രതികൂലമായി ബാധിച്ചു. പച്ചക്കറി വില്പനയുമായും ലേലവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നൂറുകണക്കിന് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വരുമാനത്തിനുള്ള മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്.

ചില്ലറയായി പച്ചക്കറികളും മറ്റും വാങ്ങി വാഹനങ്ങളില്‍ കൊണ്ടുപോയി വില്പന നടത്തിയിരുന്ന നൂറുകണക്കിന് കച്ചവടക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്ന കച്ചവടക്കാര്‍ രാവിലെ എട്ടു മുതല്‍ ഉച്ചവരെയുള്ള സമയത്ത് ലേലംവിളിച്ച് വില്പന നടത്തുക പതിവായിരുന്നു. ലേലം നടക്കുന്ന സ്ഥലത്ത് എല്ലാവര്‍ക്കും പ്രവേശനവും അനുവദിച്ചിരുന്നു. ലേലം ചെയ്‌തെടുത്ത കച്ചവടക്കാരില്‍ നിന്നാണ് ചെറുകിട കച്ചവടക്കാരും വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോയി വിതരണം ചെയ്യുന്ന കച്ചവടക്കാരും ഇവ വാങ്ങിയിരുന്നത്.

ലേലം സമയമാണെങ്കില്‍ എട്ടുമണിക്കും പത്ത് മണിക്കുമിടയില്‍ അവസാനിപ്പിക്കേണ്ടിവരുന്നതിനാല്‍ സാധനങ്ങള്‍ മുഴുവന്‍ ലേലം ചെയ്യാന്‍ കഴിയാതെ വന്‍കിട കച്ചവടക്കാരും ബുദ്ധിമുട്ടുന്നുണ്ട്.മുനിസിപ്പല്‍ മന്ത്രി കാര്യാലയത്തിന്റെ പുതിയ നിയമം വന്നതോടെ ചില്ലറ വില്പന പൂര്‍ണമായും നിര്‍ത്തലാക്കി. കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സുകളുമായെത്തുന്നവര്‍ക്ക് മാത്രമാണ് ഹാളില്‍ പ്രവേശനം അനുവദിച്ചത്. ദീര്‍ഘനേരം ലൈസന്‍സുകളുടെ കോപ്പിയുമായി ക്യൂവില്‍ നിന്ന് പ്രവേശന പാസ് ലഭിച്ചാല്‍ മാത്രമേ അകത്ത് കടക്കാനാവുന്നുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ