2011, മേയ് 13, വെള്ളിയാഴ്‌ച

സൗദിയിലെ പ്രവാസിമലയാളികളും ആഹ്ലാദത്തില്‍

റിയാദ്: അഞ്ചുവര്‍ഷത്തെ  ഇടതുദുര്‍ഭരണത്തിന് അറുതി വരുത്തി കേരളത്തില്‍ യു.ഡി.എഫ് മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയപ്പോള്‍ സൗദിയിലെ പ്രവാസിമലയാളികളും ആഹ്ലാദത്തില്‍. കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകരാണ് മധുരം വിതരണം ചെയ്തും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പ് വിജയം കൊണ്ടാടിയത്. ഇന്നലെ രാവിലെ സൗദി സമയം അഞ്ച് മണിയോടെ തന്നെ വോട്ടെണ്ണലിന്റെ ആരവങ്ങളിലേക്ക് പ്രവാസലോകവും ഉണര്‍ന്നിരുന്നു. ജിദ്ദയിലും റിയാദിലും ദമ്മാമിലും മക്കയിലും മദീനയിലും ഖമീസ്മുശൈത്തിലും സൗദിയുടെ മറ്റ് ഭാഗങ്ങളിലും കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 


കെ.എം.സി.സി ഒ.ഐ.സി.സി പ്രവര്‍ത്തകരും മറ്റും സംഘടനകളും ഒരുക്കിയ പ്രത്യേക ഹാളുകളിലായിരുന്നു ഫലമറിയാന്‍ തടിച്ചുകൂടിയിരുന്നത്. അവധി ദിവസമായതിനാല്‍ താമസമുറികളിലും എല്ലാവരും ചാനലുകള്‍ക്ക് മുമ്പില്‍ സ്ഥാനം പിടിച്ചു. ആദ്യ ലീഡ് തന്നെ യു.ഡി.എഫിനനുകൂലമായി പുറത്തുവന്നതോടെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ മുഖത്ത് വിജയത്തിളക്കം. ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ വോട്ടെണ്ണലിന്റെ അവസാന നിമിഷങ്ങളില്‍ ഇമ വെട്ടാതെയും കാത് കൂര്‍പ്പിച്ചും ടെലിവിഷന്‍ ചാനലുകള്‍ക്ക് മുമ്പില്‍ ഇരുന്നവര്‍ ആശങ്കയോടെയും ആകാംക്ഷയോടെയും അക്കങ്ങള്‍ മാറിമറിയുന്നത് വീക്ഷിച്ചത്. കേവല ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് മുന്നേറിയപ്പോള്‍ എങ്ങും സന്തോഷം അണപ്പൊട്ടിയൊഴുകി.

മുസ്‌ലിംലീഗിന്റെ  തിളക്കമാര്‍ന്ന വിജയം  കെഎംസിസി പ്രവര്‍ത്തകര്‍ അതിരറ്റ ആവേശത്തോടെയാണ് എതിരേറ്റത്. പാര്‍ട്ടിയുടെ കാര്യദര്‍ശി കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വന്‍വിജയവും മലപ്പുറം ജില്ല തൂത്തുവാരിയതും ആഘോഷമാക്കി മാറ്റിയ കെഎംസിസി പ്രവര്‍ത്തകര്‍ അച്യുതാനന്ദന്റെയും സിപിഎമ്മിന്റെയും കള്ളപ്രചാരണങ്ങള്‍ വിലപ്പോവില്ലെന്ന് മുദ്രാവാക്യത്തിലൂടെ വിളിച്ചോതി. റിയാദില്‍ ബത്ഹ ഷിഫാഅല്‍ജസീറ ഓഡിറ്റോറിയത്തില്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിഗ് സ്‌ക്രീനിലാണ് ഫലങ്ങളറിയാന്‍ അവസരമൊരുക്കിയത്.  

അധികാരത്തിന്റെ അന്ധത ബാധിച്ചവര്‍  സ്വന്തക്കാരുടെയും പാര്‍ട്ടിയുടെയും അഴിമതികള്‍ മറച്ചുവെച്ച് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നിരന്തരമായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന കുപ്രചരണങ്ങള്‍ക്ക് കേരളജനത നല്‍കിയ വ്യക്തമായ മറുപടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗിന് ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാരെ കെ.എം.സി.സി അഭിനന്ദിച്ചു. മുസ്‌ലിം സംഘടിത ശക്തിയെ ക്ഷയിപ്പിക്കാനുള്ള നീക്കത്തിന് സി.പി.എമ്മിന്റെ തണലില്‍ വളരാന്‍ കൊതിക്കുന്ന പാര്‍ട്ടികള്‍ക്ക് മുസ്‌ലിം ലീഗിന്റെ വിജയം താക്കീതായെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികളുമായി ബന്ധപ്പെടുന്ന പ്രശ്‌നത്തില്‍ വരുന്ന ഗവണ്‍മെന്റ് ശക്തമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. സകല സര്‍വ്വെകളും തെറ്റിച്ച് മുസ്‌ലിം ലീഗ് മലബാറില്‍ നേടിയ വിജയത്തിന് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുന്നുമ്മല്‍ കോയയും ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ കല്ലമ്പാറയും വോട്ടര്‍മാരെ അഭിനന്ദിച്ചു.

ചില മാധ്യമങ്ങളുടെ സഹായത്തോടെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രചണ്ഡമായ പ്രചരണങ്ങളെ അതിജീവിച്ച് യു.ഡി.എഫ്. നേടിയ വിജയം ഉജ്ജ്വലം തന്നെയെന്ന് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും എല്‍.ഡി.എഫ്. നടത്തിയ ശ്രമങ്ങളെ ശരിയായ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മികച്ച വിജയം കൈവരിക്കാന്‍ കഴിയുമായിരുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അഞ്ചു വര്‍ഷം ജനപക്ഷത്തു നിന്ന് ഭരിക്കാന്‍ യു.ഡി.എഫ്. നേതൃത്വത്തിന് കഴിയുമെന്ന് വിശ്വാസം പ്രകടിപ്പിക്കുന്നതായി ഒ.ഐ.സി.സി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ