2011, മേയ് 16, തിങ്കളാഴ്‌ച

ഇന്ത്യന്‍ ഡ്രൈവര്‍ക്ക് 5,40,000 റിയാല്‍ പിഴ

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: ഖത്തറില്‍ ഇന്ത്യന്‍ ഡ്രൈവര്‍ സ്വദേശിക്ക് 5,40,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാനും ആറു മാസത്തെ തടവിനും കോടതി ശിക്ഷിച്ചു. ഒരു സ്വദേശിയുടെ മരണത്തിനും മറ്റൊരു സ്വദേശിക്കു ഗുരുതരമായി പരുക്കേല്‍ക്കാനും ഇടയായ വാഹനാപകടത്തിലാണ് വിധി.
 കോടതിയില്‍ ഹാജരായ പ്രതി കുറ്റം സമ്മതിച്ചിരുന്നു. അപകടം വരുത്തിവച്ച 52 കാരനായ ഇന്ത്യന്‍ ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസത്തേയ്ക്കു  സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

മരിച്ച വ്യക്തിയുടെ കുടുംബത്തിനുള്ള ദയാധനമായ ഒന്നര ലക്ഷം റിയാല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഡ്രൈവറും ചേര്‍ന്നു നല്‍കണമെന്നും കോടതി വിധിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19 നാണ് ഈ അപകടം നടന്നത്. സ്വദേശികളായ രണ്ടു പേര്‍ യാത്ര ചെയ്യുകയായിരുന്ന വാഹനത്തെ ഇന്ത്യക്കാരനായ ഡ്രൈവര്‍ ഓടിച്ചിരുന്ന ട്രെയിലര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഒട്ടേറെ തവണ മറിഞ്ഞ വാഹനത്തില്‍ ഉണ്ടായിരുന്ന 19കാരനായ സ്വദേശി യുവാവ് മരിക്കുകയും 21 കാരനായ യുവാവിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ശരിയായ ദിശയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തെ യാതൊരു മുന്നറിയിപ്പും കൂടാതെ ഇടത്തോട്ട് എടുത്ത ട്രെയിലര്‍ ഇടിക്കുകയായിരുന്നുവെന്നു ട്രാഫിക് വിഭാഗം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ