2011, മേയ് 6, വെള്ളിയാഴ്‌ച

മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, അഞ്ചങ്ങാടി സ്വദേശി രക്ഷപ്പെട്ടു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മല്‍സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു,രണ്ട് പേര്‍ രക്ഷപ്പെട്ടു.മരിച്ചയാള്‍ പാകിസ്ഥാന്‍ സ്വദേശിയാന്‌. രക്ഷപ്പെട്ട രണ്ട് പേരും മലയാളി യുവാക്കളാണ്‌. വക്‌റ കടപ്പുറത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുണ്ടായ അപകടത്തില്‍ തൃശൂര്‍ തളിക്കുളം ബീച്ച് സ്‌നേഹതീരം പുതുവീട്ടില്‍ പി.എസ് മുനീര്‍ (33), ചാവക്കാട് അഞ്ചങ്ങാടി കടവില്‍ കെ.കെ നൗഷാദ് (33) എന്നിവരാണ് രക്ഷപ്പെട്ട മലയാളികള്‍ .പാകിസ്ഥാന്‍കാരനായ കമ്രാന്‍ സുഹൈല്‍ മുഹമ്മദ് സലിം (32) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഇവര്‍ മൂന്നുപേരും വക്‌റ കടപ്പുറത്തുനിന്ന് മീന്‍ പിടിക്കാനായി പുറപ്പെട്ടത്. ആഴംകുറഞ്ഞ ഭാഗത്തുവെച്ച് വലയെറിയുന്നതിനിടെ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിനെത്തുടര്‍ന്ന് വെള്ളം അടിച്ചുകയറി ബോട്ട് മറിയുകയായിരുന്നു. മുക്കാല്‍ ഭാഗവും വെള്ളത്തില്‍ മുങ്ങിക്കിടന്ന ബോട്ടിന്റെ മുകളില്‍ പൊങ്ങിനിന്ന അഗ്രത്തില്‍ മൂന്നുപേരും ഒഴുക്കില്‍പ്പെടാതെ പിടിച്ചിരുന്നു. പിന്നീട് മുനീര്‍ കൈയ്യിലുള്ള തൊപ്പി വീശിക്കാണിച്ചതിനെത്തുടര്‍ന്ന് കുറച്ചകലെയുണ്ടായിരുന്ന ഒരു ബോട്ടിലെ രണ്ട് അറബ് വംശജര്‍  അവശരുമായ മൂന്നുപേരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുനീറിനെയും നൗഷാദിനെയും പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. കമ്രാന്റെ നില ഗുരുതരമായതിന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീട് രാത്രി രണ്ട് മണിയോടെ ഇദ്ദേഹത്തിനു മരണം സംഭവിക്കുകയായിരുന്നു.

രണ്ട് മാസം മുമ്പാണ് മുനീറും നൗഷാദും കമ്രാന്റെ ജോലിക്കാരായി ഖത്തറിലെത്തിയത്. അപകടത്തില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം നഷ്ടപ്പെട്ടു. ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് ഈ യുവാക്കള്‍ ഇനിയും മോചിതരായിട്ടില്ല. മരണത്തെ മുന്നില്‍ കണ്ട് ഒരു മണിക്കൂറോളം നടുക്കടലില്‍ കഴിച്ചുകൂട്ടിയ ഇവര്‍ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിനിടയിലും തങ്ങളുടെ മുതലാളിയെ രക്ഷിക്കാന്‍ കഴിയാതെ പോയതിന്റെ വിഷമത്തിലാണിവര്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ