2011, ഏപ്രിൽ 10, ഞായറാഴ്‌ച

ഡോക്ടര്‍ രോഗി ബന്ധം സൌഹൃദപരമാവണം : ഡോ. വി.പി. ഗംഗാധരന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അര്‍ഥം നഷ്ടപ്പെട്ട വിദ്യാഭ്യാസത്തിന്റെ ഉല്‍പന്നങ്ങളായി ആതുരസേവകരില്‍ ചിലരും കമ്പോള സംസ്കാരത്തിന് അടിപ്പെട്ടവരും ചേര്‍ന്ന് കൂടി ആതുരാലയങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ പറഞ്ഞു. എഫ്.സി.സി സേവന വേദി ഡോ. വി.പി. ഗംഗാധരന്‍ , പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട എന്നിവര്‍ക്കായി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ഡോക്ടര്‍മാര്‍ അവിഹിത സ്വകാര്യ താല്‍പര്യങ്ങള്‍ക്കും രോഗിയുടെ ബന്ധുക്കള്‍ സ്വന്തം ഇച്ഛകള്‍ക്കും മാത്രം മുന്‍ഗണന കൊടുക്കുമ്പോള്‍ രോഗിയെ എങ്ങനെ മരിപ്പിക്കാം എന്നത് മാത്രമാണ് സമൂഹത്തിന്റെ ചിന്തയെന്നും പരിചരിക്കുകയെന്ന മൂല്യം തന്നെ സമൂഹത്തില്‍നിന്നും ഉച്ഛാടനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അവനവന്റെ ഉത്തരവാദിത്തങ്ങള്‍ നല്ല രീതിയില്‍ നിര്‍വഹിക്കുമ്പോള്‍ തന്നെ ദൈവാനുഗ്രഹം ഉണ്ടാവുമെന്ന് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട പറഞ്ഞു. ഓപ്പറേഷന്‍ റൂമിലേക്കുപോകുന്നതിനുമുമ്പ് രോഗികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന ഡോക്ടര്‍മാരുണ്ടെന്നും അതുപോലെ മുതലാളിത്തമോഹങ്ങള്‍ക്ക് അടിപ്പെടാത്ത ഡോക്ടര്‍ രോഗി ബന്ധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

എഫ്.സി.സി ചെയര്‍മാന്‍ കെ. സുബൈര്‍ അബ്ദുല്ല സംസാരിച്ചു. എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കീഴ്ശ്ശേരി അധ്യക്ഷത വഹിച്ചു. ഫസലുറഹ്മാന്‍ കൊടുവള്ളി സ്വാഗതവും ഗോപിനാഥ് കൈന്താര്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ