2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഖത്തര്‍ -ബഹ്റൈന്‍ കോസ്‌വേ 2015 പൂര്‍ത്തിയാകും

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലോകത്തെ ഏറ്റവും വലിയ പാലങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ഖത്തര്‍ -ബഹ്റൈന്‍ കോസ്‌വേ 2015 ആകുന്നതോടെ യാഥാര്‍ഥ്യമാകും. 500 കോടി ഡോളര്‍ മുതല്‍മുടക്കിയുള്ള പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനം ആരംഭിക്കും.

പദ്ധതി നടപ്പാകുന്നതോടെ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക, വ്യവസായ രംഗങ്ങളില്‍ വന്‍ പുരോഗതി  ഉണ്ടാകുമെന്നാണു കണക്കുകൂട്ടല്‍ . അല്‍ദിയാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി, വിന്‍സി ഗ്രാന്‍ഡ് പ്രോജക്ട്സ്, ഫ്രഞ്ച് കോണ്‍ട്രാക്ടിങ് കമ്പനി, ജര്‍മന്‍ ഹോച്ചിഫ് കമ്പനി, ഗ്രീസിലെ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്സ് ഇന്റര്‍നാഷനല്‍ കമ്പനി, മിഡില്‍ ഇൌസ്റ്റ് ഡ്രെഡ്ജിങ് കമ്പനി എന്നിവ സംയുക്തമായാണു പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചു നിര്‍മിക്കുന്ന പാലം എന്ന ബഹുമതിയും കോസ്‌വേ നേടും. ലോകനിലവാരത്തിലും അത്യാധുനിക സാങ്കേതിക വിദ്യയിലും നിര്‍മിക്കുന്ന പാലത്തിന്റെ രൂപകല്‍പനയിലും മറ്റും ഒട്ടേറെ തവണ മാറ്റം വരുത്തിയതുമൂലമാണു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകിയത്.ബഹ്റൈന്‍ ദ്വീപിലെ അസ്കര്‍ മുതല്‍ ഖത്തറിലെ റാസ് ഇഷൈറിജി വരെ 40 കിലോമീറ്റര്‍ പാതയാണു പദ്ധതിപ്രകാരം നിര്‍മിക്കുക. ഇതില്‍ വാഹന ഗതാഗതത്തിനു നാലുനിരപ്പാത കൂടാതെ രണ്ടു റയില്‍പ്പാതകളും ഉണ്ടായിരിക്കും. ആദ്യഘട്ടത്തില്‍ പ്രതിദിനം നാലായിരത്തോളം വാഹനങ്ങള്‍ കടന്നുപോകുമെന്നാണു കണക്ക്. 2050 ആകുമ്പോഴേക്കും വാഹനങ്ങളുടെ എണ്ണം 12,000 ആയി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ