2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ജി സി സിക്ക് പുതിയ തലവന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍അതിയ്യ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നേതൃപദവിയൊഴിയുന്നു. അതിയ്യയുടെ പിന്‍ഗാമിയും ജി.സി.സിയുടെ അഞ്ചാമത്തെ സെക്രട്ടറി ജനറലുമായി ബഹ്‌റൈന്‍ സ്വദേശിയായ ഡോ. അബ്ദുലത്തീഫ് ബിന്‍ റാശിദ് അല്‍സയ്യാനി നാളെ സ്ഥാനമേല്‍ക്കും.
 അല്‍സയ്യാനി ഈ പദവിയിലെത്തുന്ന ആദ്യത്തെ സൈനികനാണ്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഖത്തര്‍ക്കാരനായ അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍അതിയ്യയായിരുന്നു ജി സി സിയുടെ സാരഥി.
2002ല്‍ മസ്‌കത്തില്‍ ചേര്‍ന്ന 22 ആം മത് ഗള്‍ഫ് ഉച്ചകോടിയിലെ തീരുമാനപ്രകാരമാണ് ജമീല്‍ ബിന്‍ ഇബ്രാഹിം അല്‍ഹുജൈലാന്റെ പിന്‍ഗാമിയായി അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍അതിയ്യ ജി.സി.സിയുടെ നേതൃപദത്തിലെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ എല്ലാ രംഗങ്ങളിലും സഹകരനം ദൃഢമാക്കുന്നതില്‍ അതിയ്യയുടെ ശക്തമായ നേതൃത്വവും യുക്തവും നയപരവുമായ ഇടപെടലുകളും സഹായകമായി. 2007 ഡിസംബറില്‍ ദോഹയില്‍ ചേര്‍ന്ന 28 ആം മത് ഉച്ചകോടിയില്‍ പ്രഖ്യാപിക്കപ്പെട്ട ഗള്‍ഫ് പൊതുവിപണിയും , ഗള്‍ഫ് പൗരന്‍മാര്‍ക്ക് കുടുംബ പരിരക്ഷാ സംവിധാനം, പെന്‍ഷന്‍ എന്നിവയും ഇക്കാലയളവിലാണ് നിലവില്‍വന്നതും, ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് ഗള്‍ഫ് പൗരന്‍മാര്‍ക്ക് ഗള്‍ഫിലെവിടെയും യാത്ര ചെയ്യാന്‍ സാധ്യമായതും, ഗള്‍ഫ് പവര്‍ ഗ്രിഡിന് തുടക്കം കുറിച്ചതും  അതിയ്യയുടെ കാലത്തെ എടുത്തുപറയാവുന്നപ്രധാന നേട്ടങ്ങളാണ്.
തന്റെ ഏറ്റവും വലിയ സ്വപ്‌നമായി കണ്ട ഏകീകൃത ഗള്‍ഫ് കറന്‍സി എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവാതെയാണ് അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍അതിയ്യ പടിയിറങ്ങുന്നത്.  കഴിഞ്ഞ ഒമ്പതു വര്‍ഷത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 1950ല്‍ ദോഹയില്‍ ജനിച്ച അതിയ്യ, അമേരിക്കയിലെ മിയാമി സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദം നേടിയ ശേഷം ഖത്തറിന്റെ വിദേശമന്ത്രാലയത്തിലെ വിവിധ ഉന്നത പദവികളിലിരിക്കുകയും വിവിധ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ