2011, ഏപ്രിൽ 19, ചൊവ്വാഴ്ച

ശാസ്ത്രത്തിന് ഉത്തരം നല്‍കാനാകാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിശുദ്ധ ഖുര്‍ആനു കഴിയും : ജമാലുദ്ദീന്‍ ഫാറൂഖി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ശാസ്ത്രത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിഭദ്രവും തൃപ്തികരവുമായ വിശദീകരണം നല്‍കാന്‍ വിശുദ്ധ ഖുര്‍ആനു കഴിയും എന്നത് അതിന്റെ അമാനുഷികതയാണ് കാണിക്കുന്നതെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു.

 ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹംസ ബിന്‍ അബ്ദുല്‍ മുത്വലിബ് സ്‌കൂളില്‍ സംഘടിപ്പിച്ച 'ദ ലൈറ്റ്' ഖുര്‍ ആന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്‍ പഠനം നമ്മുടെ ജീവിതത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച കെ.എന്‍.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട് അഭിപ്രായപ്പെട്ടു. റാഫ് ജനറല്‍ മാനേജര്‍ ശൈഖ് ആഇദ് അല്‍ഖഹ്ത്വാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ഇസ്‌ലാഹി മദ്രസ നടത്തിയ ഖുര്‍ആന്‍ മനഃപാഠമത്സരത്തില്‍ വിജയികളായവര്‍ക്ക് ശൈഖ് ഖഹ്ത്വാനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നേരത്തേ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പഠന ക്യാമ്പ് ഖത്തര്‍ മതകാര്യമന്ത്രാലയ പ്രതിനിധി ശൈഖ് അബ്ദുല്‍ ബാസിത് ഉദ്ഘാടനം ചെയ്തു. ഫനാര്‍ പ്രതിനിധി ഇഅ്ജാസ് അഹ്മദ്, ഡോ. അലി ഇദ്‌രീസ്, ഡോ. അബ്ദുല്‍ അഹദ് മദനി, അഹ്മദ് അന്‍സാരി, താഹിര്‍ മാട്ടൂല്‍ , അലി ചാലിക്കര, ബഷീര്‍ പള്ളിപ്പാട്ട്, സുബൈര്‍ വക്‌റ, അബ്ദുറഹിമാന്‍ മദനി എന്നിവര്‍ സംസാരിച്ചു.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാഹി സെന്റര്‍ നടത്തുന്ന ഖുര്‍ആന്‍ ലേണിങ് ക്ലാസുകളിലെ പഠിതാക്കള്‍ ഖുര്‍ആന്‍ പഠനം മൂലം തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു.മൂന്നുവര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനായി പഠിക്കാന്‍ സാധിക്കുന്ന 'വെളിച്ചം' പദ്ധതിയുടെ പ്രഖ്യാപനം ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി ചടങ്ങില്‍വെച്ച് നടത്തി.
രണ്ടുമാസത്തോളമായി ഖുര്‍ആന്‍ പഠനത്തിന്റെ പ്രോത്സാഹനാര്‍ഥം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രചാരണപരിപാടികളുടെ സമാപനമായാണ് ഖുര്‍ആന്‍ സമ്മേളനം സംഘടിപ്പിച്ചത്.ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുലത്തീഫ് നല്ലളം സ്വാഗതവും വൈസ് പ്രസിഡന്റ് ബശീര്‍ അന്‍വാരി നന്ദിയും രേഖപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ