2011, ജൂൺ 18, ശനിയാഴ്‌ച

സൌദിയില്‍ തൊഴില്‍ മേഖലയില്‍ ആറു വര്‍ഷ കാലാവധി: മഞ്ഞ വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങള്‍ക്കുമാത്രം ബാധകം

അലിയമുണ്ണി സികെ, അഞ്ചങ്ങാടി
റിയാദ്: കഴിഞ്ഞ ദിവസം സൌദി തൊഴില്‍ മന്ത്രി പ്രഖ്യാപിച്ച ആറുവര്‍ഷ പരിധി സൌദിവല്‍ക്കരണം നടപ്പാക്കുന്ന മഞ്ഞസോണില്‍പെട്ട സ്വകാര്യ സ്ഥാപനങ്ങളെ മാത്രമെ ബാധിക്കുകയുള്ളുവെന്ന് തൊഴില്‍ മന്ത്രാലം വിശദീകരിക്കുന്നു. സൌദിവല്‍ക്കരണത്തിന്റെ തോതനുസരിച്ച് സ്വകാര്യസ്ഥാപനങ്ങളെ എക്സലന്റ്, പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ വിവിധ സോണുകളായി തിരിക്കുന്ന പദ്ധതിയാണ് ‘നിതാഖാത്ത്’.
ഉയര്‍ന്ന തോതില്‍ സൌദിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ എക്സലന്റ്, പച്ച സോണുകളിലാകും. സൌദിവല്‍ക്കരണത്തിന്റെ തോതനുസരിച്ച് ഇതര സ്ഥാപനങ്ങള്‍ മറ്റു സോണുകളിലും. വിദേശ തൊഴിലാളികളുടെ താമസത്തിന് ആറുവര്‍ഷത്തെ പരിധി നിശ്ചയിക്കുമെന്ന തൊഴില്‍ മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്ഥാവന ഏവരിലും ആശങ്കപടര്‍ത്തിയിരുന്നു. ഇതിനിടെ തൊഴില്‍ മന്ത്രാലയം മന്ത്രിയുടെ പ്രസ്ഥാവനക്ക് വിശദീകരണവുമായി രംഗത്തുവന്നു. സ്വകാര്യമേഖലയില്‍ സൌദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘നിതാഖാത്ത്’ പദ്ധതിയനുസരിച്ച് മഞ്ഞവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുമാത്രമാണ് സൌദിയിലെ താമസത്തിന് ആറുവര്‍ഷ പരിധി ബാധകമാവുകയെന്ന് മന്ത്രാലയം വിശദീകരിച്ചു. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സില്‍ വ്യവസായികളുടെ യോഗത്തിലാണ് തൊഴില്‍ മന്ത്രി എഞ്ചിനീയര്‍ ആദില്‍ ഫഖീഹ് പ്രസ്ഥാവന നടത്തിയത്. ചുവന്ന സോണില്‍ പെട്ട വിദേശികളുടെ ലേബര്‍ കാര്‍ഡും ഇഖാമയും ഒരുകാരണവശാലും പുതുക്കുകയില്ലെന്നും എക്സലന്റ്, പച്ച സോണില്‍ പെട്ടവര്‍ക്കും അപ്രകാരം വീട്ടുജോലിക്കാര്‍ക്കും ഇത് ബാധകമല്ലെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഹത്താബ് അല്‍ അനസി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ