2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ഹറമില്‍ വന്‍ വികസന പദ്ധതികള്‍


ആലിഅമ്മുണ്ണി അഞ്ചങ്ങാടി
മക്ക: വികസന പദ്ധതിയുടെ ഭാഗമായി വിശുദ്ധഹറമില്‍ 22,000ത്തിലധികം പുതിയ ടോയ്ലലുറ്റുകള്‍ നിര്‍മിക്കുമെന്ന് മക്കാ മേയര്‍ ഡോ. ഉസാമ അല്‍ ബാര്‍ പറഞ്ഞു. ഹറമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് റമദാന്‍ 19ന് വെള്ളിയാഴ്ച തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് ശിലാസ്ഥാപനം നിര്‍വ്വഹിക്കും.


ഹറം വികസന പദ്ധതികള്‍ മാസങ്ങള്‍ക്ക് മുമ്പ് തുടക്കമായെങ്കിലും ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് വെള്ളിയാഴ്ച നടക്കുന്നത്. പുതുതായി വികസിപ്പിക്കുന്ന ഭാഗത്തിന് 12 ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകും. വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഹറമില്‍ ഒരേസമയത്ത് 25ലക്ഷത്തിലധികം പേര്‍ക്ക് നമസ്കാരം നിര്‍വഹിക്കാന്‍ സാധിക്കും. വികസന പദ്ധതിയുടെ ഭാഗമായി മുറ്റത്ത് തണല്‍ കുടകളും സ്ഥാപിക്കും. ഈയിടെ പൂര്‍ത്തിയാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മസ്അ (സഅയ് ചെയ്യുന്ന സ്ഥലം‌) യുടെ ശേഷി അഞ്ചിരട്ടിയായി വികസിച്ചു. മണിക്കൂറില്‍ 28,000 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിച്ചിരുന്നിടത്ത് ഇപ്പോള്‍ ശേഷി 1,20,000മായി ഉയര്‍ന്നു. പണി പൂര്‍ത്തിയായിവരുന്ന പുതിയ റിങ് റോഡുകള്‍ മൂന്ന് വര്‍ഷത്തിനകം ഗതാഗതയോഗ്യമാകുന്നതോടെ മക്കയിലെ യാത്രാപ്രതിസന്ധിക്കും പരിഹാരമാകും. 

ഹറമൈന്‍ റയില്‍ പൂര്‍ത്തിയാകുന്നതോടെ മക്കക്കും മദീനക്കുമിടയിലുള്ള ദൂരം രണ്ട് മണിക്കൂറായി കുറയും. വിശുദ്ധ കഅബാലയത്തിന് ചുറ്റും പ്രദക്ഷിണം വെക്കുന്ന മതാഫ്(ത്വവാഫ് ചെയ്യുന്ന സ്ഥലം) ഉള്‍പ്പെടെ വിശുദ്ധഹറം പൂര്‍ണമായും ശീതീകരിക്കാന്‍ പദ്ധതിയുണ്ടെന്ന് ഹറംകാര്യവകുപ്പില്‍ സേവന, അറ്റകുറ്റപ്പണി വിഭാഗം ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ നബീല്‍ ഖുത്തുബ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ