2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

2ജി ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇത്തിസലാത്ത് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

സുപ്രീംകോടതി 2ജി ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് യു.എ.ഇയിലെ ഇത്തിസലാത്ത് ടെലിക്കോം കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തയായി ബുധനാഴ്ച്ച കമ്പനിയാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. ഡൈനാമിക്സ് ബല്‍വാസ് ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത സംരംഭമായാണ് ഇത്തിസലാത്ത് ഇന്ത്യയിലെ ടെലിക്കോം മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
 രാജ്യത്തെ 15 സര്‍ക്കിളുകളില്‍ സേവനങ്ങള്‍ നല്‍കാന്‍ കമ്പനിക്ക് ലൈസന്‍സ് ലഭിച്ചിരുന്നു. ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഇവര്‍ക്ക് 16.7 ലക്ഷം ഉപഭോക്താക്കളെ ലഭിക്കുകയും ചെയ്തിരുന്നു.

 ഇന്ത്യയിലെ സ്പെക്ട്രം ലേലത്തിലും നിയന്ത്രണ സംവിധാനങ്ങളിലും വ്യക്തത ഉണ്ടായ ശേഷമേ ഇനി ലേലത്തില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി. കൂടുതല്‍ നഷ്ടം ഉണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും പ്രസ്താവന പറഞ്ഞു.
 നേരത്തെ എസ് ടെല്ലുമായി സംയുക്ത സംരംഭം ആരംഭിച്ച മറ്റൊരു ഗള്‍ഫ് ടെലിക്കോം കമ്പനിയായ ബഹറൈന്‍ ടെലിക്കോമും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ