റിയാദ്: അഞ്ചുവര്‍ഷത്തെ ഇടതുദുര്‍ഭരണത്തിന് അറുതി വരുത്തി കേരളത്തില്‍ യു.ഡി.എഫ് മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയപ്പോള്‍ സൗദിയിലെ പ്രവാസിമലയാളികളും ആഹ്ലാദത്തില്‍. കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകരാണ് മധുരം വിതരണം ചെയ്തും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പ് വിജയം കൊണ്ടാടിയത്. ഇന്നലെ രാവിലെ സൗദി സമയം അഞ്ച് മണിയോടെ തന്നെ വോട്ടെണ്ണലിന്റെ ആരവങ്ങളിലേക്ക് പ്രവാസലോകവും ഉണര്‍ന്നിരുന്നു. ജിദ്ദയിലും റിയാദിലും ദമ്മാമിലും മക്കയിലും മദീനയിലും ഖമീസ്മുശൈത്തിലും സൗദിയുടെ മറ്റ് ഭാഗങ്ങളിലും കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
