ജിദ്ദ: അറഫയിലും തീ പിടിക്കാത്ത ടെന്റുകള്‍ വരുന്നു. എഴുപത് ലക്ഷം തീര്‍ത്ഥാടകരെ ഉള്‍കൊള്ളുന്ന ടെന്റുകള്‍ പണിയാന്‍ ഉടന്‍തന്നെ ടെണ്ടര്‍ ക്ഷണിക്കുമെന്നു അധികൃതര്‍ അറിയിച്ചു. പുണ്യസ്ഥലങ്ങളില്‍ 40 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാവുന്ന തരത്തില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നീക്കം.ഹജ്ജ് കര്‍മങ്ങളുമായി ബന്ധപ്പെട്ട പുണ്യ സ്ഥലങ്ങളില്‍ മിനായില്‍മാത്രമാണ് ഇപ്പോള്‍ തീ പിടിക്കാത്ത സ്ഥിരം തമ്പുകള്‍ ഉള്ളത്.
ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം നടക്കുന്ന സ്ഥലത്ത് തീ പിടിക്കാത്ത താല്‍ക്കാലിക തുണി തമ്പുകള്‍നിര്‍മിക്കാറാണ് പതിവ്. എന്നാല്‍അറഫയിലും ഫൈബര്‍ഗ്ലാസും ടെഫ്‌ലോണും ഉപയോഗിച്ച് നിര്‍മിക്കുന്ന തീ പിടിക്കാത്ത തമ്പുകള്‍ നിര്‍മിക്കാന്‍ നീക്കം തുടങ്ങിയതായി മുനിസിപ്പല്‍ ഗ്രാമ വിഭാഗം വക്താവ് സൗദ് അല്‍തിക്ര പറഞ്ഞു. പദ്ധതിയുടെ അവസാനഘട്ട അംഗീകാരത്തിനായി കാത്തിരിക്കുകയാണ് മന്ത്രാലയം. ടെന്റ് നിര്‍മാണത്തിനായി മന്ത്രാലയം രണ്ടാഴ്ചക്കുള്ളില്‍ ടെണ്ടര്‍ ക്ഷണിക്കും.
കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച രീതിയില്‍ ടെന്റുകള്‍ പണിയാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് കരാര്‍നല്‍കും. തമ്പുകളുടെ പണി പൂര്‍ത്തിയാകുന്നതോടെ അറഫയില്‍ നിലവിലുള്ളതിനേക്കാള്‍ 71 ശതമാനം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ സാധിക്കും. എഴുപത് ലക്ഷം തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്ന ടെന്റുകള്‍ പണിയാനാണ് നീക്കം. പതിനഞ്ചു മീറ്റര്‍ ഉയരത്തില്‍ രണ്ടു നിലകളിലായി പണിയുന്ന ടെന്റുകളില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഉണ്ടാകും.
അറഫയില്‍ നടക്കുന്ന ഏറ്റവും വലിയ പദ്ധതിയായിരിക്കും ടെന്റ് നിര്‍മാണം. 2040ഓടെ വര്‍ഷംതോറും നാല്പതു ലക്ഷം തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള ശേഷി പുണ്യസ്ഥലങ്ങളില്‍ ഉണ്ടാകും.72,300 കോടി റിയാലാണ് ഇതുമായി ബന്ധപ്പെട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ചെലവ്.
കടപ്പാട്: http://www.asianetnews.tv/pravasi/23815-2013-12-28-19-03-26
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ