2013, ഏപ്രിൽ 24, ബുധനാഴ്‌ച

ഒമാനില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം നാലായി


മസ്കത്ത്: ഒമാനില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം നാലായി. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വാദിയിലാണ് ഒരു കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചത്. ഒന്നര വയസുകാരിയായ പെണ്‍കുട്ടിയും 60കാരനുമാണ് മണ്ണിടിഞ്ഞു വീണ് മരണത്തിന് കീഴടങ്ങിയത്.

മരം കടപുഴകിയും കല്ലും മണ്ണും അടിഞ്ഞും പലയിടങ്ങളിലും കനത്ത നാശ നഷ്ടമുണ്ടായി. പൊലീസും സൈന്യവും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാദി (അരുവികള്‍) മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പെട്ട നിരവധി പേരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പലയിടങ്ങളിലും കനത്ത കൃഷി നാശമുണ്ടായി. മസ്കത്തിലെ റൂവി നഗരത്തിലെ പല ഭാഗങ്ങളിലും ട്രാഫിക് സിഗ്നലുകള്‍ തകാരാറായി ഗതാഗതം തടസപ്പെട്ടു. വാദികളിലൂടെ കടന്നു പോകുന്ന റോഡുകളിലെല്ലാം വെള്ളം കയറി ഗാതാഗതം സ്തംഭിച്ചു.

ശക്തമായ കാറ്റും മണ്ണിടിച്ചിലുമുണ്ടായതോടെ വീടുകളില്‍ കുടുങ്ങിയവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി. ചിലയിടങ്ങളില്‍ നാട്ടുകാര്‍ ഇപ്പോഴും വീടുകളില്‍ കുടുങ്ങി കിടക്കുകയാണ്. വാദികള്‍ മുറിച്ചു കടക്കാന്‍ ശ്രമിച്ച വാഹനങ്ങള്‍ പലതും കുത്തൊഴുക്കില്‍ ഒഴുകി പോയി. ചിലര്‍ വാഹനങ്ങള്‍ക്കു മുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ കനത്ത നാശ നഷ്ടമുണ്ടായി. രാജ്യത്തിന്‍െറ വടക്കന്‍ തീരത്താണ് കാര്യമായ നാശ നഷ്ടം. ചിലയിടങ്ങളില്‍ കുന്നിടിഞ്ഞു വീണാണ് അപകടമുണ്ടായത്. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മസ്കത്തിലെയും സൊഹാറിലെയും ഓഫിസുകളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു.

ചിലര്‍ അവധി പ്രഖ്യാപിച്ചു. കുഞ്ഞുങ്ങളെ വീടിനു പുറത്തു വിടരുതെന്നും വാദികള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. മഴ തുടരുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും അധികൃതര്‍ അറിയിച്ചു. കടപുഴകി വീണ മരങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് റോഡില്‍നിന്ന് മാറ്റാന്‍ സാധിച്ചിട്ടില്ല.

പലയിടങ്ങളിലും ഗതാഗതം പൂര്‍വ സ്ഥിതിയിലായിട്ടില്ല. മസ്കത്ത് ഗവര്‍ണറേറ്റിലെ സീബ്, ബോഷര്‍, മസ്കത്ത്, അമിറാത്ത്, ഖുറിയ, മത്ര എന്നീ വിലായത്തുകളിലും വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദ്, ബിദിയ എന്നീ വിലായത്തുകളില്‍ കനത്ത മഴ ലഭിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കടല്‍ പ്രക്ഷുബ്ധമാവാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കടപ്പാട്: മാധ്യമം ദിനപത്രം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ