2016, നവംബർ 3, വ്യാഴാഴ്‌ച

പ്രവാസി മലയാളികള്‍ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനം. ഇന്ത്യന്‍ അംബാസിഡര്‍

ദോഹ: ഖത്തറിലെ പ്രവാസി മലയാളികള്‍ ഇന്ത്യന്‍ സമൂഹത്തിനാകമാനം അഭിമാനമാണെന്നും ഖത്തറിന്‍റെ വളര്‍ച്ചാവികാസത്തിലെ മലയാളികളുടെ പങ്ക് ശ്ളാഘനീയമാണെന്നും ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്ലളസും ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച അറുപതാമത് കേരളപ്പിറവി ദിനാഘോഷപരിപാടികള്‍ എഫ്.സി.സി. ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ കര്‍മോല്‍സുകതയും ക്രിയാത്മകതയും മാതൃകാപരമാണ്. ഖത്തറിലെ വിദേശകാര്യ മന്ത്രാലയത്തിലേയും ആഭ്യന്തര മന്ത്രാലയത്തിലേയുമൊക്കെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായുമൊക്കെ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് വലിയ മതിപ്പാണ് ബന്ധപ്പെട്ടവര്‍ പ്രകടിപ്പിച്ചത്. ഇതില്‍ നല്ലൊരു ശതമാനവും ഖത്തറിലെ മലയാളി സമൂത്തിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.  
ഇന്ത്യ ഒരു പുന്തോപ്പാണ്. കേരളം ആ പൂന്തോപ്പിലെ മനോഹരമായ ഒരു ഭാഗവും. കേരളത്തിന്‍റെ  സൗന്ദര്യവും സൗരഭ്യവും രാഷ്ട്രത്തിന്‍റെ മൊത്തം മനോഹാരിതക്ക് മാറ്റുകൂട്ടുമെന്ന് അംബാസിഡര്‍ പറഞ്ഞു. 

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അംബാസിഡര്‍ പറഞ്ഞു. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് എല്ലാ ഇന്ത്യക്കാരും എംബസിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ വിലാസവും പ്രയോജനപ്പെടുത്തണം. എംബസിയുടെ സേവനങ്ങളും വിജ്ഞാപനങ്ങളുമൊക്കെ സമയാസമയങ്ങളില്‍ ലഭിക്കുവാന്‍ ഇത് സഹായകമാകും. 

ഇന്ത്യയിലെ ടൂറിസം മേഖലയിലും നിക്ഷേപ രംഗത്തും ഉണര്‍വുണ്ടാക്കുവാനുള്ള നടപടികളും ആവശ്യമാണ്. വിശിഷ്യാ കേരളത്തിലെ ആയുര്‍വേദവും പ്രകൃതി സൗന്ദര്യവുമൊക്കെ ടൂറിസത്തിനും നിക്ഷേപത്തിനും പ്രയോജനപ്പെടുത്തണം. റിക്രൂട്ട്മെന്‍റ് രംഗത്തെ ചതിയും ചൂഷണങ്ങളും അവസാനിപ്പിക്കുവാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് അംബാസിഡര്‍ ഉദ്ബോധിപ്പിച്ചു. 
2017 ജനുവരിയില്‍ ബാംഗ്ളൂരില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അംബാസിഡര്‍ ആവശ്യപ്പെട്ടു. 

ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ്മാന്‍ കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ പ്രസിഡണ്ട് കെ. ഗീരീഷ് കുമാര്‍, ഐ.ബി.പി.എന്‍. പ്രസിഡണ്ട് കെ. എം. വര്‍ഗീസ്, ഇന്‍കാസ് പ്രസിഡണ്ട് കെ.കെ ഉസ്മാന്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാന്‍, ഡോ. എം. പി. ഷാഫി ഹാജി (കെ.എം.സി.സി), അനീസു റഹ്മാന്‍ (കള്‍ചറല്‍ ഫോറം) ശംസീര്‍ അരിക്കുളം (സംസ്കൃതി), ശുക്കൂര്‍ കിനാലൂര്‍, ഉസ്മാന്‍ മുഹമ്മദ്, സി.കെ. റാഹേല്‍ എന്നിവര്‍ സംസാരിച്ചു.

ഭവന്‍സ് പബ്ളിക് സ്ക്കൂളിലെ അധ്യാപകരായ ഷൈജു, വിജീഷ്, മുഹമ്മദ് സ്വാലിഹ് എന്നിവരവതരിപ്പിച്ച നാടന്‍ പാട്ടും വിദ്യാര്‍ഥിനി അക്ഷജയുടെ കവിതാ പാരായണവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ഥിനികളായ സനൂജ സുലൈമാന്‍, സന സുലൈമാന്‍, നജ ഹമീദ് എന്നിവര്‍ അവതരിപ്പിച്ച സന്ദേശ പ്രധാനമാ സംഘഗാനവും പരിപാടിക്ക് മികവേകി. 

മീഡി പ്ലളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പരിപാടി അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള സമ്മാനങ്ങള്‍ ഓര്‍ക്കിഡ് ഇന്‍റര്‍നാണല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫ്ഫാര്‍, ക്വാളിറ്റി ലാബ് മാനേജിംഗ് ഡയറക്ടര്‍ ജോസി മത്തായ് എന്നിവര്‍ വിതരണം ചെയ്തു


1 അഭിപ്രായം: