2016, നവംബർ 3, വ്യാഴാഴ്‌ച

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് അവാര്‍ഡ്


ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉല്‍പന്നത്തിനുള്ള അവാര്‍ഡ് നല്‍കി കോഴിക്കോട് സര്‍വകലാശാല ആദരിച്ചു. 

സര്‍വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പാണ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ മാര്‍ക്കറ്റിംഗ് ഗവേഷണത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ ഉപകാരപ്രദവും ആകര്‍ഷകവുമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. ഇതാദ്യമായാണ് വിദേശത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഡയറക്ടറിയെ സര്‍വകലാശാല അവാര്‍ഡിന് തിരഞ്ഞെടുക്കുന്നത്. 

യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാര്‍സിലര്‍ ഡോ. കെ. മുഹമ്മദ് ബഷീറില്‍ നിന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ലസ് സി. ഇ. ഒ. യുമായ അമാനുല്ല വടക്കാങ്ങര അവാര്‍ഡ് ഏറ്റുവാങ്ങി. പ്രോ വൈസ് ചാന്‍സിലര്‍ ഡോ. പി. മോഹന്‍, കൊമേര്‍സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. വിജയ ചന്ദ്രന്‍ പിള്ള, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. ബി. ജോണ്‍സണ്‍, ഫാക്കള്‍ട്ടി മെമ്പര്‍ ഡോ. ഇ.കെ. സതീശ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ച്ചയായി കൂടുതല്‍ പുതുമകളോടെയാണ് മീഡിയ പ്‌ളസ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്. ഈ വര്‍ഷം മെയ് മാസം ഡയറക്ടറി ഖത്തറിലും ദുബായിയിലും മസ്‌ക്കത്തിലും സൗദി അറേബ്യയിലും കോഴിക്കോടും നടന്ന വ്യത്യസ്ത ചടങ്ങുകളിലാണ് പ്രകാശനം ചെയ്തത്. ഇന്തോ ഗള്‍ഫ്, ഇന്‍ട്രാ ഗള്‍ഫ് ബിസിനസിന് സഹായകമാകുന്ന ഡയറക്ടറിയുടെ ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്‌ളിക്കേഷനും പുറത്തിറക്കി കൂടുതല്‍ ഉപഭോക്താക്കളേയും സംരംഭകരേയും അടുപ്പിക്കുവാന്‍ സ്ഥാപനം നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് കോഴിക്കോട് സര്‍വകലാശാല നല്‍കിയ അവാര്‍ഡെന്നും കൂടുതല്‍ ആകര്‍ഷകമായി പുതിയ പതിപ്പ് പുറത്തിറക്കാനാണ് സ്ഥാപനം ഉദ്ദേശിക്കുന്നതെന്നും അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവേ അമാനുല്ല പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ