2013, ഡിസംബർ 31, ചൊവ്വാഴ്ച

റാക് എയര്‍വേയ്സ് സര്‍വീസുകള്‍ അനിശ്ചിതമായി നിര്‍ത്തിവെച്ചു

ദുബൈ:യു.എ.ഇയിലെ റാസല്‍ഖൈമ എമിറേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാക് എയര്‍വേയ്സ് സര്‍വീസുകള്‍ അനിശ്ചിതമായി നിര്‍ത്തിവെച്ചു. ഇന്നു മുതല്‍ കമ്പനിയുടെ എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. അപ്രതീക്ഷിതമായി സര്‍വീസ് നിര്‍ത്തിയതോടെ വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി.


ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റു എയര്‍ലൈനുകളിലേക്ക് മാറ്റി നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെ 12 സ്ഥലങ്ങളിലേക്കാണ് റാക് എയര്‍വേസ് സര്‍വീസ് നടത്തിയിരുന്നത്. ഉടന്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടി സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2006ല്‍ റാസല്‍ഖൈമ ഭരണകര്‍ത്താക്കള്‍ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കമ്പനിയായി തുടങ്ങിയ റാക് എയര്‍വേയ്സ് ഇത് രണ്ടാം തവണയാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത്. നേരത്തെ 2009ല്‍ സര്‍വീസ് പൊടുന്നനെ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 2010 ഒക്ടോബറിലാണ് പുനരാരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയും സര്‍വീസ് നടത്തുന്നതിലെ ചെലവിലുണ്ടായ വര്‍ധനവുമാണ് കാരണമായി പറയുന്നതെങ്കിലും മാനേജ്മെന്‍റിലെ പ്രശ്നങ്ങളും കമ്പനിയെ പ്രതിസന്ധിയിലാക്കിയതായി ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 13 സി.ഇ.ഒമാരാണ് മാറിമാറി വന്നത്.

ഏറെ തിരക്കുണ്ടായിരുന്ന ബംഗ്ളാദേശിലെ ധാക്ക, ചിറ്റഗോങ് എന്നീ സര്‍വീസുകള്‍ നവംബറില്‍ നിര്‍ത്തിയിരുന്നു.അറബ് മേഖലയിലെ രാഷ്ട്രീയ അസ്ഥിരത കാരണം കയ്റോയിലേക്കും അമ്മാനിലേക്കുമുള്ള സര്‍വീസുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പും നിര്‍ത്തി. നിലവില്‍ കോഴിക്കോടിന് പുറമെ ദോഹ, പെഷവാര്‍, ഇസ്ലാമാബാദ്, ലാഹോര്‍, ജിദ്ദ,റിയാദ്,കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തിയിരുന്നത്. ഈ സെക്ടറുകളില്‍ അടുത്ത ഫെബ്രുവരി വരെ റാക് എയര്‍വേയ്സ് ബുക്കിങ് സ്വീകരിച്ചിരുന്നു.

യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളിലുള്ള മലയാളികള്‍ ധാരാളമായി ആശ്രയിച്ചിരുന്ന റാക് എയര്‍വേയ്സ് സര്‍വീസ് നിറുത്തുന്നത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്. മറ്റു വിമാനക്കമ്പനികളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കുറവായത് കാരണം ദുബൈയിലും ഷാര്‍ജയിലുമുള്ള മലയാളികള്‍ പോലും റാസല്‍ഖൈമയെ യാത്രക്കായി തെരഞ്ഞെടുത്തിരുന്നു. സമീപ എമിറേറ്റുകളായ ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ വിമാനത്താവളത്തിലേക്ക് യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്തിന്‍െറ സമയക്രമീകരണം ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്നു. കോഴിക്കോട് നിന്ന് പുലര്‍ച്ചെ 4.35ന് പുറപ്പെടുന്ന വിമാനം 6.45ന് ഇവിടെയത്തെും. കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.15ന് പുറപ്പെട്ട് പുലര്‍ച്ചെ 3.35ന് അവിടെയത്തെും. ഇതുകാരണം അവധി ദിനങ്ങള്‍ പൂര്‍ണമായും നാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിഞിരുന്നു.

അതുകൊണ്ടുതന്നെ 162 സീറ്റുള്ള കോഴിക്കോട് വിമാനം ദിവസവും നിറയെ യാത്രക്കാരുമായാണ് സര്‍വീസ് നടത്തിയിരുന്നത്. റാസല്‍ഖൈമയില്‍ നിന്ന് ജിദ്ദയിലേക്ക് വിമാനമുള്ളതിനാല്‍ ഉംറ തീര്‍ഥാടകരും ധാരാളമായി റാക് എയര്‍വേസിനെ ആശ്രയിച്ചിരുന്നു.
പ്രതിസന്ധി പരിഹരിക്കാനായി മാനേജ്മെന്‍റ് മറ്റു എയര്‍ലൈനുകളെ ഏറ്റെടുക്കലിനായി സമീപിച്ചിരുന്നതായി അറിയുന്നു. പുതിയ നിക്ഷേപകരെയും തേടി. എന്നാല്‍ അതൊന്നും വിജയിക്കാത്ത സാഹചര്യത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. 150 ഓളം ജീവനക്കാരില്‍ ഭൂരിഭാഗവും ഇതിനകം രാജിവെച്ചിട്ടുണ്ട്.

റാസല്‍ഖൈമ വിമാനത്താവളത്തിലേക്ക് യാത്രക്കാരുടെ എണ്ണം കൂട്ടാനും വിനോദ സഞ്ചാരികളെയും ബിസിനസ് സംഘങ്ങളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് റാക് എയര്‍വേയ്സ്.

കടപ്പാട്: ഗള്‍ ഫ് മധ്യമം - http://www.madhyamam.com/news/263823/140101 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ