2013, ഡിസംബർ 23, തിങ്കളാഴ്‌ച

ഹാജിക്കക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ അനുശോചനം

അമാനുല്ല വടക്കാങ്ങര
ദോഹ: ജീവിതം സഹജീവികളുടെ സേവനത്തിന് ഉഴിഞ്ഞ് വെച്ച് ഖത്തറിലെ വിദേശി വിഭാഗങ്ങളുടെ വിശിഷ്യാ ഇന്ത്യന്‍ സമൂഹത്തിന്റെ നന്മക്കും പരിചരണത്തിനുമായി വിനിയോഗിച്ച മുസ്‌ലിം വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജി എന്ന ഹാജിക്കക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം. ശനിയാഴ്ച വൈകുന്നേരം ഹമദ് ജനറല്‍ ആശുപത്രിയില്‍ അന്ത്യ ശ്വാസം വലിച്ചതുമുതല്‍ സേവനത്തിന്റെ ആള്‍ രൂപമായ ഹാജിക്കയുടെ മയ്യത്ത് കാണുവാനും അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കുവാനും വിവിധ വിദേശി വിഭാഗങ്ങളുടെ ഒഴുക്കായിരുന്നു. നിരവധി സ്വദേശികളും ഹാജിക്കയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തത് ആ മനുഷ്യ സ്‌നേഹിയോടുള്ളേ ആദര സൂചകമായാണ്.
ഹാജിക്കയുടെ ഓര്‍മക്കായ് ഈ വീഡിയോ സമര്‍പ്പിക്കുന്നു
അബൂ ഹമൂറിലെ ഖബര്‍ സ്ഥാനില്‍ മയ്യത്ത് മറവ് ചെയ്ത് സുദീര്‍ഘമായി തല്‍ബിയത്ത് ചൊല്ലിയും പ്രാര്‍ഥിച്ചും തടിച്ചുകൂടിയ ജനാവലി പ്രതുകൂല കാലാവസ്ഥയിലും അന്ത്യോപചാരങ്ങള്‍ നര്‍വഹിച്ചപ്പോള്‍ സ്വര്‍ഗലോകത്ത് അനുഗ്രഹങ്ങളുടെ മാലാഖമാരുടെ സംരക്ഷണത്തില്‍ ഹാജിക്കയുടെ ആത്മാവ് ശാന്തിയടയുന്നുണ്ടാകാം. 

ഖത്തറിലെ മുന്‍ ഇന്ത്യാന്‍ അംബാസിഡര്‍മാരായിരുന്ന ദീപാ ഗോപാലന്‍ വാദ്വയും ഡോ. ജോര്‍ജ് ജോസഫുമൊക്കെ ഹാജിക്കയുടെ മരണത്തില്‍ അനുശോചന സന്ദേശങ്ങളയച്ചത് മനുഷ്യ സേവനത്തിന്റെ മായാത്ത മുദ്രകളാണ് ഹാജിക്ക ഓരോരുത്തരുടേയും മനസുകളില്‍ അവശേഷിപ്പിച്ചത് എന്നതിന്റെ നിദര്‍ശനമായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സമൂഹത്തിന്റെ അനുശോചന യോഗം വിവിധ സംഘടനാ നേതാക്കളുടെയും എംബസി അധികൃതരുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 

ഇന്ത്യന്‍ അംബാസിഡര്‍ സജ്ഞീവ് അറോര, ഹാജിക്കയുടെ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും സേവനത്തിന്റെ ഉദാത്ത മാതൃകകള്‍ സൃഷ്ടിക്കുവാനും സഹജീവികളുടെ കണ്ണീരൊപ്പാന്‍ പരിശ്രമിക്കുവാനും ആഹ്വാനം ചെയ്തു. ഹാജിക്കയുടെ ജീവിത പാഠങ്ങള്‍ യുവ തലമുറക്ക് പകര്‍ന്നു നല്‍കുന്നതിനായി സാമൂഹ്യ സേവനം എങ്ങനെ എന്ന വിഷയത്തില്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം തോറും പ്രബന്ധമല്‍സരം സംഘടിപ്പിക്കുകയും മികച്ച സൃഷ്ടികള്‍ക്ക് അവാര്‍ഡു നല്‍കുകയും ചെയ്യാമെന്ന് അംബാസിഡര്‍ പറഞ്ഞു. ഇന്‍കാസ് പ്രസിഡണ്ട് ജോപ്പച്ചന്‍ തെക്കേക്കുറ്റ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 

ഇന്ത്യന്‍ കമ്മ്യൂണിററി ബനവലന്റ് ഫോറം പ്രസിഡണ്ട് കരീം അബ്ദുല്ല, ഉപദേശക സമിതി ചെയര്‍മാന്‍ നീലംഗ്ഷൂ ഡേ, മുന്‍ ജനറല്‍ സെക്രട്ടറി ഹബീബുന്നബി, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ വൈസ് പ്രസിഡണ്ട് ഗിരീഷ്, ഉപദേശക സമിതി ചെയര്‍മാന്‍ കെ. എം. വര്‍ഗീസ്, കെ. എം. സി.സി പ്രസിഡണ്ട് പി. എസ്. എച്ച്. തങ്ങള്‍, ഖ്വിഫ് പ്രസിഡണ്ട് ശംസുദ്ധീന്‍ ഒളകര, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍, സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി. എന്‍. ബാബു രാജന്‍, നോര്‍ക റൂട്‌സ് മുന്‍ ഡയറക്ടര്‍ കെ.കെ. ശങ്കരന്‍, കെ. എം. സി.,സി കലാകായിക വിഭാഗം കണ്‍വീനര്‍ കെ. മുഹമ്മദ് ഈസ, മയ്യത്ത് പരിപാചന കമ്മറ്റി കണ്‍വീനര്‍ ഒ. പി. ഷാനവാസ്, തൃശൂര്‍ ജില്ല സൗഹൃദ വേദി പ്രസിഡണ്ട് വി.കെ. സലീം, ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് കെ. ടി. അബ്ദുറഹിമാന്‍, ഫ്രന്റ്‌സ് ഓഫ് തൃശൂര്‍ അധ്യക്ഷന്‍ പ്രദീപ് മേനോന്‍, കെ.വി. അബ്ദുല്ലക്കുട്ടി, മാധ്യമ പ്രവര്‍ത്തകനായ രമേശ് മാത്യു, കരിശ്മ ആര്‍ട്‌സ് ജനറല്‍ സെക്രട്ടറി മുഹമ്മദലി കൊയിലാണ്ടി, ഹറമൈന്‍ അബ്ദുല്‍ ഖാദര്‍ ഹാജി, അബു കാട്ടില്‍, തുടങ്ങി നിരവധി പേര്‍ സംസാരിച്ചു. 

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി. എസ്. ശശികുമാര്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങി അശോക ഹാള്‍ നിറഞ്ഞു കവിഞ്ഞ സദസ്സ് ഹാജിക്കക്ക് ആദരാജ്ഞലികളര്‍പ്പിച്ച് പിരിഞ്ഞപ്പോള്‍ സേവനം ജീവിത സപര്യയാക്കിയ മനുഷ്യ സ്‌നേഹിയുടെ മായാത്ത മുദ്രകള്‍ ജനമനസുകളില്‍ ഓരിക്കല്‍കൂടി അനാവരണം ചെയ്യപ്പെടുകയായിരുന്നു.

കടപ്പാട്
http://www.internationalmalayaly.com

2 അഭിപ്രായങ്ങൾ:

  1. അല്ലാഹുവിന്റെ അനുഗ്രഹം എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കട്ടെ. എന്നളില്ലഹി വാ ഇന്നഹിലഹി രാജിഹൂന്‍

    മറുപടിഇല്ലാതാക്കൂ