2013, ഏപ്രിൽ 28, ഞായറാഴ്‌ച

ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ നാശ നഷ്ടങ്ങള്‍ വിതച്ച് മഴ തുടരുന്നു


മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചെറിയ നാശ നഷ്ടങ്ങള്‍ വിതച്ച് മഴ തുടരുന്നു. പലയിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. വാഹനങ്ങളില്‍ കുടുങ്ങിയ നിരവധി പേരെ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു. മസ്കത്ത് ഗവര്‍ണറേറ്റില്‍ 62 മി.മീറ്റര്‍ മഴയാണ് ഒറ്റ ദിവസം രേഖപ്പെടുത്തപ്പെട്ടത്.


മസ്കത്തിലെ കുറിയാത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. രാജ്യത്തിന്‍െറ വടക്കന്‍ മേഖലയിലാണ് മഴ കൂടുതല്‍ ശക്തമായി തുടരുന്നത്. ബഹ്ലയില്‍ 52 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്. തെക്കന്‍ ബാത്തിനയില്‍ 43, വടക്കു കിഴക്കന്‍ മേഖലയില്‍ 30, വടക്കന്‍ ബാത്തിന 21 എന്നിങ്ങനെയാണ് മഴയുടെ തോത്. വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാദികള്‍ അപകടകരമായ രീതിയില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇബ്രിയില്‍ ഇന്നലെയും കനത്ത മഴ പെയ്തു. ഇവിടെ കുടിവെള്ള വിതരണം ചെയ്യുന്ന വാഹനം വാദിയില്‍ കുടുങ്ങി ഒഴുകിപ്പോയി. ഇബ്രി സൂഖും വെള്ളത്തിലായി. പലയിടങ്ങളിലും വൈദ്യുതി വിതരണം തകരാറിലായി.

രാജ്യത്തിന്‍െറ വിവിധ ജലസംഭരണികളിലെല്ലാം ജല നിരപ്പ് ഉയര്‍ന്നു. ഇബ്രിയിലെ ഡാമില്‍ 500 മില്യന്‍ ക്യൂബിക് മീറ്ററാണ് ഇന്നലെയുള്ള ജല നിരപ്പ്. ബിദ്ബിദ് ഡാമില്‍ 100 മില്യന്‍ ക്യൂബിക് മീറ്ററാണ് വെള്ളത്തിന്‍െറ അളവ്. ബൂറൈമി, വടക്കന്‍ ബാത്തിനയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നലെ സാമാന്യം ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചു.

ബുറൈമിയിലും വാദികള്‍ കര കവിഞ്ഞൊഴുകി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. റോഡുകളില്‍ ചിലത് കുത്തൊഴുക്കില്‍ ഒലിച്ചു പോയി. പൊലീസും സൈന്യവും രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പൊലീസിന്‍െറ ഭാഗത്തു നിന്ന് ശക്തമായ മുന്നറിയിപ്പുണ്ടായിട്ടും അശ്രദ്ധമായി വാദികള്‍ മുറിച്ചു കടക്കാന്‍ ശ്രമിച്ച് ഒഴുക്കില്‍പെട്ടവരെ ഇന്നലെയും രക്ഷിച്ചു. വാഹനങ്ങളില്‍ കുടുങ്ങിയവരും നിരവധിയാണ്. മണ്ണിടിഞ്ഞു വീണ് ഒറ്റപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം രാത്രിയും തുടരുകയാണ്.
കടപ്പാട്: മാധ്യമം ദിനപത്രം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ