2012, ഡിസംബർ 6, വ്യാഴാഴ്‌ച

ദുബായ് മെട്രോ റെയില്‍ ട്രാക്കില്‍ ഇന്ത്യന്‍ തൊഴിലാളി ജീവനൊടുക്കി

ദുബായ്: ദുബായ് മെട്രോ റെയില്‍ ട്രാക്കില്‍ ഇന്ത്യന്‍ തൊഴിലാളി ജീവനൊടുക്കി. എമര്‍ജന്‍സി ഫയര്‍ എക്സിറ്റ് വഴിയാണ് ഇയാള്‍ ട്രാക്കില്‍ കടന്നത്. ട്രാക്കില്‍ കിടന്ന ഇയാളുടെ മേല്‍ അതിവേഗത്തില്‍ വന്ന മെട്രോ തീവണ്ടി പാഞ്ഞുകയറുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. 



ശരീരം ഛിന്നഭിന്നമായിപ്പോയതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന് കാട്ടി സുഹൃത്ത് പോലീസില്‍ പരാതിപ്പെട്ടതോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മദ്യലഹരിയിലാണ് ഇയാള്‍ ട്രാക്കില്‍ കയറിയതെന്ന് ദുബായ് പോലീസ് പറഞ്ഞു. 

ദുബായ് മെട്രോ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് ഒരാള്‍ ട്രാക്കില്‍ ജീവനൊടുക്കുന്നത്. 36 കാരനായ ഇയാള്‍ 2010 മുതല്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. ദുബായിലെ റസിഡന്‍സി വീസ റദ്ദാക്കി നാട്ടിലേക്ക് തിരികെ വിടണമെന്ന് ഇയാള്‍ ജോലി ചെയ്യുന്ന കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് കമ്പനി അധികൃതര്‍ തയാറാകാത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്നു കരുതുന്നു. 

കര്‍ശനമായ നിരീക്ഷണ സംവിധാനമുള്ള ട്രാക്കിലെ എമര്‍ജന്‍സി ഫയര്‍ എക്സിറ്റ് വഴി ഇയാള്‍ എങ്ങനെ അകത്തുകടന്നു എന്നതിനെക്കുറിച്ച് പോലീസും ഗതാഗത വകുപ്പും അന്വേഷിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ