2012, നവംബർ 15, വ്യാഴാഴ്‌ച

ഭാവനാ ദാരിദ്ര്യവും നേതൃശൂന്യതയും വികസനത്തെ ബാധിച്ചു -ചെറിയാന്‍ ഫിലിപ്പ്



അബുദാബി: ഭാവനാ ദാരിദ്യവും നേൃത്വ ശൂന്യതയും കേരളത്തിന്റെ ഭരണരംഗത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു. ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ -ദല-ഒരുക്കിയ സ്വീകരണ യോഗത്തില്‍ 'കേരളത്തിന്റെ വികസനം ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വികസന പ്രക്രിയയുടെ അടിസ്ഥാന കാഴ്ചപ്പാടുകളുടെ അഭാവത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ഭരണസിരാകേന്ദ്രങ്ങള്‍ വെറും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. യാതൊരു മുന്നൊരുക്കങ്ങളും കൂടാതെയാണ് കേരളീയരുടെ പ്രതീക്ഷയുടെ ഗോപുരമായി നിലവില്‍ വന്ന മലയാള സര്‍വകലാശാലയുടെ തുടക്കം കുറിച്ചതുതന്നെ. ഭരണ തന്ത്രജ്ഞതയുടെ അഭാവം വിളിച്ചോതുന്ന ഇത്തരം അരങ്ങേറ്റങ്ങള്‍ക്കാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. നഷ്ടത്തിലോടിക്കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ആരോഗ്യാവസ്ഥയിലേക്ക് പിടിച്ചുയര്‍ത്താനും ലാഭത്തിന്റെ ഗ്രാഫുയര്‍ത്താനും മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന് കഴിഞ്ഞുവെങ്കില്‍ ഇന്നവ തകര്‍ച്ചയുടെ പാതയിലേക്ക് പതിക്കുന്നതിന്റെ കാരണം വ്യക്തമാണ് -അദ്ദേഹം പറഞ്ഞു. 

 അധികാര വികേന്ദ്രീകരണത്തിന്റെയും ആസൂത്രിത വികസനത്തിന്റെയും ഗുണഫലങ്ങള്‍ നഷ്ടപ്പെടുത്തുന്ന നയങ്ങളാണ് നഗരവികസന അതോറിറ്റി, മലയോര വികസന അതോറിറ്റി തുടങ്ങിയ സമാന്തര സംവിധാനങ്ങള്‍കൊണ്ടുവന്ന് തദ്ദേശീയവികസനം എന്ന ലക്ഷ്യം യു.ഡി.എഫ്. തകര്‍ക്കുന്നത്. അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ ഉയര്‍ന്നതലങ്ങള്‍ എത്തിപ്പിടിക്കാന്‍ കേരളീയരെ പ്രാപ്തമാക്കിയ അതേ പുരോഗമന ശക്തികളാണ് തദ്ദേശീയ വികസനത്തിന്റെ വഴിവെട്ടാനും അതുവഴി അടിസ്ഥാനമേഖലകളുടെ വളര്‍ച്ച ഗ്രാമാന്തരങ്ങളില്‍ എത്തിക്കാനും കിണഞ്ഞുപരിശ്രമിച്ചത്. അത്തരം വികസന സങ്കല്പങ്ങളുടെ അസ്തിത്വംതന്നെ തകര്‍ത്തുകളയുകയാണ് ഇന്നത്തെ ഭരണകൂടമെന്ന് ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി. 

 'ദല' വൈസ് പ്രസിഡന്റ് അനിതാ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജന. സെക്രട്ടറി പി.പി. അഷ്‌റഫ് സ്വാഗതവും സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ