2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഹജ്ജ്: താമസ സൌകര്യം പരിമിതപ്പെടുത്തിയത് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരെ കാര്യമായി ബാധിക്കില്ല

ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജിനു പോകുന്നവര്‍ക്ക് സൌദി അറേബ്യയില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള താമസ സൌകര്യം പരിമിതപ്പെടുത്തിയത് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരെ കാര്യമായി ബാധിക്കില്ല. സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജിനു പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട 6,908 പേരില്‍ 3,114 പേരും 70 വയസ്സിനു മുകളിലുള്ള റിസര്‍വ് വിഭാഗത്തില്‍പ്പെട്ടതിനാലാണിത്.

റിസര്‍വ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഗ്രീന്‍ കാറ്റഗറി സൌകര്യം തീര്‍ച്ചയായും ലഭ്യമാക്കുമെന്നാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ ഉറപ്പ്. ഇന്ത്യയില്‍നിന്ന് അരലക്ഷം പേരാണ് ഗ്രീന്‍ കാറ്റഗറിയില്‍ താമസ സൌകര്യം ലഭിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, 42,000 പേരേ ഈ വിഭാഗത്തിലേക്ക് പരിഗണിക്കാനാകൂ എന്നാണ് സൌദി ഭരണകൂടം കേന്ദ്ര ഹജ് കമ്മിറ്റിയെ അറിയിച്ചത്. 70 വയസ്സിനു മുകളിലുള്ള തീര്‍ഥാടകരെയെല്ലാം ഗ്രീന്‍ കാറ്റഗറിയിലേക്കു പ്രവേശിപ്പിക്കുമെന്നും ഇതിലേക്കുള്ള മറ്റുള്ളവരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്നും കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു.

മക്കയിലെ ഹറമിന് ഏറ്റവും അടുത്തു ലഭിക്കുന്ന താമസ സൌകര്യമാണു ഗ്രീന്‍ കാറ്റഗറി. 1.2 കിലോമീറ്റര്‍ മുതല്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള താമസ സൌകര്യമാണ് തൊട്ടടുത്ത വിഭാഗമായ വൈറ്റ് കാറ്റഗറിയില്‍ ലഭിക്കുക. ഹറമില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് അസീസിയയില്‍ ഉള്‍പ്പെടുന്നവര്‍ക്കു സൌകര്യം ലഭിക്കുക. കാറ്റഗറി അനുസരിച്ച് ഒാരോന്നിനും അടയ്ക്കേണ്ട തുകയിലും വ്യത്യാസമുണ്ട്.

ഗ്രീന്‍ കാറ്റഗറി സൌകര്യം നല്‍കേണ്ടവരെ നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നലെ രാത്രി കേന്ദ്ര ഹജ് കമ്മിറ്റി ഒാഫിസില്‍ നടന്നു. ഹജ് തീര്‍ഥാടനത്തിനായി ഇനി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കെല്ലാം അസീസിയ കാറ്റഗറിയിലുള്ള താമസ സൌകര്യമാകും ഹജ് കമ്മിറ്റി ഒരുക്കുക. സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജിനു പോകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ 6,670 പേര്‍ പാസ്പോര്‍ട്ടും മറ്റു രേഖകളും കരിപ്പൂരിലെ ഒാഫിസില്‍ സമര്‍പ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 74 പേര്‍ യാത്ര റദ്ദാക്കി. വിദേശത്ത് താമസിക്കുന്ന 168 പേര്‍ ഇതേവരെ രേഖകള്‍ നല്‍കിയിട്ടില്ല. ഇവര്‍ രേഖകള്‍ കേന്ദ്ര ഹജ് കമ്മിറ്റിയില്‍ നേരിട്ടുസമര്‍പ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ