2011, ജൂലൈ 29, വെള്ളിയാഴ്‌ച

സൌദിയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു

ജിദ്ദ: സൌദി അറേബ്യയിലെ മക്കയ്ക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. രണ്ടു മലയാളികള്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട മഞ്ഞനിക്കര തൈക്കുറ്റിമുക്ക് തുരുത്തിപ്പള്ളില്‍ ബെന്നി മാത്യു (29), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയായ സഫ്വാന്‍, കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സെമിജാസ് എന്നിവരാണ് മരിച്ച മലയാളികള്‍.
വാഹനമോടിച്ചിരുന്ന സൌദി അറേബ്യന്‍ സ്വദേശി മുഹമ്മദാണ് മരിച്ച നാലാമത്തെയാള്‍. കൊല്ലം സ്വദേശികളായ ബെര്‍ണാഡ് സെബാസ്റ്യന്‍, മലപ്പുറം സ്വദേശി ജാഫര്‍ എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റവര്‍. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ബെര്‍ണാഡ് സെബാസ്റ്യനെ ജിദ്ദ ഗിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൌദി കോണ്‍ട്രാക്ട് കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളി സംഘം സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ജിദ്ദ -മദീന റോഡില്‍ വച്ചു വാനിന്റെ ടയര്‍ ഊരിത്തെറിച്ചാണ് അപകടം. ടയര്‍ ഊരിത്തെറിച്ച വാന്‍ തലകീഴായി മറിയുകയായിരുന്നു. ഇതിനിടെ എതിരെ വന്ന ട്രെയിലറുമായി കൂട്ടിയിടിച്ചുവെന്നും പറയപ്പെടുന്നു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ