2011, ജൂലൈ 12, ചൊവ്വാഴ്ച

റിയാദിലെ ബത്ഹയിലുണ്ടായ തീപിടുത്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ ബത്ഹയിലുണ്ടായ തീപിടുത്തത്തില്‍ പുക ശ്വസിച്ച് മരണമടഞ്ഞ ആറ് മലയാളികളുടേയും ഒരു മംഗലാപുരം സ്വദേശിയുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാത്രി വിവിധ വിമാനങ്ങളിലായാണ് മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കയച്ചത്. ബന്ധുക്കള്‍ വിമാനത്താവളങ്ങളില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.

ബത്ഹയിലെ അല്‍ സ്വാലിം സൂപ്പര്‍മാര്‍ക്കററിലെ ജോലിക്കാരുടെ താമസസ്ഥലത്തുണ്ടായ തീപ്പിടുത്തത്തിലാണ് മാവേലിക്കര കല്ലുമല സ്വദേശി ചെങ്കിലാത്ത് കുറ്റിയില്‍ ഷാജി എന്ന തോമസ് മാത്യു (35), മലപ്പുറം നിലമ്പൂര്‍ കരുളായി പുള്ളിയില്‍ സ്വദേശി ഉള്‍പ്പിലാപ്പററ സുലൈമാന്‍ (30), എടക്കര കാരപ്പുറം ചുള്ളിക്കുളവന്‍ അഹമ്മദ് കബീര്‍ (37), തൃശൂര്‍ പഴയനൂര്‍ മാഞ്ചാടിയില്‍ അബ്ദുറഹീം (31), കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനക്കല്‍ ബീച്ച് സ്വദേശി പോണത്ത് അജിത് കുമാര്‍ (26), കോഴിക്കോട് ബാലുശ്ശേരി വാകയാട് മുഹമ്മദലി (27) എന്നീ മലയാളികളും മംഗലാപുരം കുന്താപുരം സ്വദേശി കോട്ട മുഹമ്മദ് (48), നേപ്പാള്‍ പൌരനായ രാകേശ് കുമാര്‍ ഷാ (24) എന്നിവര്‍ പുക ശ്വസിച്ച് മരിച്ചത്. ഏഴു പേര്‍ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞിരുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുഹമ്മദലി കഴിഞ്ഞ ദിവസമാണ് ശുമൈസി സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്. 

ഷാജി തോമസിന്റെ മൃതദേഹം ശ്രീലങ്കല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കാലത്ത് 9.15 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. ഭാര്യാ സഹോദരന്‍ ബെന്‍സന്‍ ബേബി മൃതദേഹത്തെ അനുഗമിച്ചിരുന്നു. സുലൈമാന്‍, അഹമ്മദ് കബീര്‍, കോട്ട മുഹമ്മദ് എന്നിവരുടെ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഉച്ചക്ക് 2.30 നും അബ്ദുറഹീം, അജിത്, മുഹമ്മദലി എന്നിവരുടെ മൃതദേഹങ്ങള്‍ സൌദി എയര്‍ലൈന്‍സ് വിമാനത്തില്‍ രാവിലെ 11.15 നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. സുലൈമാന്റെ ഭാര്യാ പിതാവ് ഇബ്രാഹിം, കോട്ട മുഹമ്മദിന്റെ ബന്ധു മുഹമ്മദ് ഹസീബ്, അബ്ദുറഹീമിന്റെ സഹോദരന്‍ കുണ്ടറക്കോട് അലി, അജിതിന്റെ അളിയന്‍ അജയന്‍, മുഹമ്മദലിയുടെ ബന്ധു അബ്ദുല്‍ അസീസ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് 2 മണി മുതല്‍ തന്നെ ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറി ഹാളില്‍ ഏഴ് മൃതദേഹങ്ങളും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പിന്നീട് അഞ്ച് പേരുടെ മൃതദേഹങ്ങള്‍ എക്സിററ് 15ല്‍ ഉള്ള അല്‍ രാജ്ഹി പള്ളിയില്‍ നമസ്കാരത്തിനായി കൊണ്ടു വന്നു. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരുമായി വമ്പിച്ച ഒരു ജനാവലി ജനാസ നമസ്കാരത്തിനും യാത്രാമൊഴിയേകുന്നതിനുമായി അല്‍ രാജ്ഹി പള്ളിയില്‍ ഒത്തു കൂടി. നേപ്പാള്‍ പൌരനായ രാകേശ് കുമാര്‍ ഷായുടെ മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോകും.

റിയാദിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും ഇനിയും നഗരവാസികള്‍ മോചിതരായിട്ടില്ല. ഇവിടെയുള്ള മുഴുവന്‍ സാംസ്കാരിക സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും എന്‍.ആര്‍.ഐ വ്യവസായികളും ഒരുമിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതു കൊണ്ട് തന്നെയാണ് ഏഴ് പേരുടേയും മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇത്ര പെട്ടെന്ന് നാട്ടിലയക്കാനായത്. സാമൂഹ്യ പ്രവര്‍ത്തകരായ ഷിഹാബ് കൊട്ടുകാട്, മൊയ്തീന്‍ കുട്ടി തെന്നല, മുനീബ് പാഴൂര്‍, അഷ്റഫ് മേലാററൂര്‍, അര്‍ശുല്‍ അഹമ്മദ് തുടങ്ങിയവരും ഇതിനായി രൂപീകൃതമായ ജനകീയ കമ്മററി അംഗങ്ങളും ഫ്രാറേറണിററി ഫോറം, കെ.എം.സി.സി, ഒ.ഐ.സി.സി, കേളി സാംസ്കാരിക വേദി, നവോദയ, ന്യൂ ഏജ്, ഫോര്‍ക്ക, പി.ആര്‍.സി, രിസാല സ്ററഡി സര്‍ക്കിള്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും എംബസി ഉദ്യോഗസ്ഥരും എല്ലാ സഹായവുമായി ആദ്യാവസാനം കൂടെയുണ്ടായിരുന്നു.

ദുരന്തവാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ പ്രവാസി വ്യവസായ പ്രമുഖനും ലുലു ഹൈപ്പര്‍ മാര്‍ക്കററുകളുടെ എം.ഡിയുമായ എം.എ യൂസഫലി മരണപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിരുന്നു. മറെറാരു വ്യവസായിയും ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാനുമായ കെ.ടി റബീഉള്ള ഓരോ ലക്ഷം രൂപ വീതവും പ്രമുഖ ട്രാവല്‍ മാനേജ്മെന്റ് കമ്പനിയായ ഐ.ടി.എല്‍ ഗ്രൂപ്പ് എം.ഡി സിദ്ദീഖ് അഹമ്മദ് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് തന്റെ കമ്പനിയില്‍ അര്‍ഹമായ ജോലിയും വിസയും, പ്രൈഡ് ലേഡി സ്ഥാപനം ധനസഹായവും പ്രഖ്യാപിക്കുകയുണ്ടായി. മൃതദേഹം നാട്ടിലയക്കുന്നതിനു മുന്‍പ് തന്നെ ധനസഹായം പ്രഖ്യാപിച്ച സ്ഥാപനങ്ങള്‍ അത് വിതരണം ചെയ്ത് മാതൃക കാട്ടി. ചരിത്രത്തിലാദ്യമായി കേരള സര്‍ക്കാര്‍ വിദേശത്ത് മരണമടയുന്ന കേരളീയന് ഒരു ലക്ഷം രൂപ വീതവും നോര്‍ക്ക 50,000 രൂപയും സഹായധനമായും പ്രഖ്യാപിച്ചു.

ഇതിനെല്ലാം പുറമെ ഇവര്‍ ജോലി നോക്കിയിരുന്ന സ്വാലിം സൂപ്പര്‍മാര്‍ക്കററിന്റെ മലയാളികളായ ഉടമസ്ഥര്‍ മരണമടഞ്ഞ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മൃതദേഹങ്ങളെ അനുഗമിക്കുന്ന മുഴുവനാളുകളുടേയും യാത്രാ ചെലവുകളും മാനേജ്മെന്റാണ് വഹിച്ചത്. ഇന്ത്യന്‍ എംബസിയില്‍ നിന്നും എയര്‍ ഇന്ത്യയില്‍ ടിക്കററ് ലഭിക്കാതിരുന്നതിനാല്‍ മററ് എയര്‍ലൈനുകളില്‍ മൃതദേഹങ്ങള്‍ അയക്കാനുള്ള ഏര്‍പ്പാടുകളും സൂപ്പര്‍മാര്‍ക്കററ് മാനേജ്മെന്റ് തന്നെയാണ് ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ