2011, ജൂലൈ 1, വെള്ളിയാഴ്‌ച

റിയാദില്‍ തീപിടുത്തത്തില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു

അലിയാമുണ്ണി അന്ചങ്ങാടി
റിയാദ്: റിയാദില്‍ അനധികൃത താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. ബത്തയിലെ അല്‍ സ്വാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളില്‍ ഇവിടുത്തെ ജീവനക്കാര്‍ക്ക് താമസിക്കാനായി അനധികൃതമായി കെട്ടിയുണ്ടാക്കിയ സ്ഥലത്താണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു നേപ്പാള്‍ സ്വദേശിയും മംഗലാപുരം സ്വദേശിയും ഉള്‍പ്പെടും. അടുക്കളയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം.
പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ദുരന്തം. മുറികളില്‍ കിടന്നുറങ്ങിയ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. രണ്ടു മലയാളികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.  തൃശൂര്‍ ചേലക്കര വെങ്ങാനൂര്‍ അബ്ദുല്‍ റഹീം (28), മലപ്പുറം കരുളായി പുള്ളിയില്‍ സ്വദേശി സുലൈമാന്‍ (30), മാവേലിക്കര കല്ലുമല സ്വദേശി തോമസ് എന്ന ഷാജി (32),  കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനയ്ക്കല്‍ ബീച്ചില്‍ അജിത് (26), മലപ്പുറം എടക്കര കാരപ്പറമ്പ് സ്വദേശി അഹമ്മദ് കബീര്‍ (37), എന്നിവരാണ് മരിച്ച മലയാളികള്‍. മംഗലാപുരം സ്വദേശി മുഹമ്മദ് (45), നേപ്പാള്‍ സ്വദേശി രാകേഷ് ഷാ (24) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേര്‍. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചാണ് മരണം.

ബാലിശേരി സ്വദേശി മുഹമ്മദലി, മൂവാറ്റുപുഴ സ്വദേശി നിയാസ് എന്നിവരെയാണ് പരിക്കുകളോടെ ഷുമൈസിയിലെ റിയാദ് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ മുഹമ്മദലിയുടെ പരിക്ക് ഗുരുതരമാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് താമസിക്കാനായി കെട്ടിടത്തിന്റെ മുകളില്‍ യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി കെട്ടിയുണ്ടാക്കിയ സ്ഥലത്താണ് അപകടമുണ്ടായത്. 

മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകളില്‍ ആസ്ബസ്റോസ് ഷീറ്റുകള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു താമസസ്ഥലം ഒരുക്കിയിരുന്നത്. കഷ്ടിച്ച് ഏതാനും കട്ടിലുകള്‍ മാത്രമിടാവുന്ന ഇടുങ്ങിയ മുറിയില്‍ 12 ലധികം കട്ടിലുകള്‍ ഇട്ടാണ് ജീവനക്കാരെ താമസിപ്പിച്ചിരുന്നത്. മലയാളികള്‍ നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റാണിത്. മുറിയില്‍ താമസിച്ചിരുന്ന ഒരു ജീവനക്കാരന്‍ രാത്രിയില്‍ അലക്കാനിട്ടിരുന്ന തുണിയെടുക്കാന്‍ പോയപ്പോഴായിരുന്നു അടുക്കളയിലെ തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മുറിക്കുള്ളില്‍ പുക നിറഞ്ഞിരുന്നു. മുറികളില്‍ നിന്നും അടുക്കള വഴി മാത്രമേ പുറത്തിറങ്ങാനും കഴിയുമായിരുന്നുള്ളു. പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പലരും പുക ശ്വസിച്ച് അവശരാകുകയായിരുന്നു. 

മരിച്ച മലപ്പുറം എടക്കര കാരപ്പറമ്പ് സ്വദേശി അഹമ്മദ് കബീര്‍ ലീവിന് ശേഷം രണ്ടാഴ്ചയ്ക്ക് മുന്‍പാണ് നാട്ടില്‍ നിന്നും എത്തിയത്. ഇയാള്‍ ഒന്‍പത് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്. ഭാര്യ ഷറഫുന്നിസ. മക്കള്‍ ഹിബാ ഷെറിന്‍ (9) നിഹാ ഷെറിന്‍ (3).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ