2011, ജൂലൈ 16, ശനിയാഴ്‌ച

യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങ് കാര്‍ഡ് എടുക്കാം

അബുദാബി: യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങ് കാര്‍ഡ് ലഭിക്കുക, ബാഗേജുകള്‍ അയയ്ക്കുക, വിമാനയാത്രാ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പുമാത്രം വിമാനത്താവളത്തിലെത്തുക, നേരെ ബോര്‍ഡിങ് ഗേറ്റിലേക്ക് പോകുക തുടങ്ങിയ സൗകര്യങ്ങളുമായി സിറ്റി ചെക്ക്-ഇന്‍ അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. 

ഏറ്റവും തിരക്കേറിയ വേനല്‍ക്കാല അവധിവേളയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകുകയാണ് സിറ്റി ചെക്ക്-ഇന്‍ സൗകര്യം. നിരവധി ബാഗുകളുമായി മൂന്നും നാലും മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തി നീണ്ട ക്യൂവിലെ കാത്തുനില്പ് ഉള്‍പ്പെടെയുള്ള യാത്രാക്ലേശങ്ങളില്‍നിന്ന് ആശ്വാസം പകരുന്നതാണ് സിറ്റി ചെക്ക്-ഇന്‍. 

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ക്കായി മാത്രമാണ് ഇത്തരം സൗകര്യം ആരംഭിച്ചിരിക്കുന്നത്. അബുദാബിയിലെ നഗരഹൃദയത്തില്‍ അബുദാബി മാളിനടുത്താണ് ഇത്തരത്തിലുള്ള സൗകര്യം ആദ്യം ആരംഭിച്ചത്. 

വിമാനയാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് മുതല്‍ കുറഞ്ഞത് അഞ്ചു മണിക്കൂര്‍ മുമ്പുവരെ ഇവിടെ ബാഗേജുകള്‍ നല്‍കി ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങ് പാസ് വാങ്ങാം. യാത്രയ്ക്ക് അരമണിക്കൂര്‍ മുമ്പു മാത്രം ഇതേ ബോര്‍ഡിങ് പാസുമായി യാത്രക്കാര്‍ക്ക് ബോര്‍ഡിങ് ഗേറ്റിലേക്ക് നേരിട്ടെത്തിയാല്‍ മതിയെന്ന സൗകര്യമാണ് സിറ്റി ചെക്ക്-ഇന്‍ സൗകര്യത്തെ ജനപ്രിയമാക്കുന്നത്. 

എത്തിഹാദ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഈജിപ്ത് എയര്‍, സുഡാന്‍ എയര്‍, പാകിസ്താന്‍ എയര്‍വെയ്‌സ് എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് തത്കാലം സൗകര്യമൊരുക്കിയിട്ടുള്ളത്. എയര്‍ ഇന്ത്യയിലും എക്‌സ്പ്രസിലും യാത്ര ചെയ്യുന്നവര്‍ക്ക് പരമാവധി 12 മണിക്കൂര്‍ മുമ്പുവരെ ചെക്ക്-ഇന്‍ ചെയ്യാവുന്നതാണ്. 

ഒരു യാത്രക്കാരന് 30 ദിര്‍ഹമാണ് ഇവിടെ നിരക്കായി നല്‍കേണ്ടത്. കുട്ടികള്‍ക്ക് 20 ദിര്‍ഹവും. സൗകര്യപ്രദമായ പാര്‍ക്കിങ് ഏരിയയാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. എക്‌സിബിഷന്‍ സെന്ററിലെ എലോഫ്റ്റ് ഹോട്ടലിന് സമീപത്തുകൂടെ പ്രവേശിച്ച് ഗേറ്റ് കെ യില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്നതാണ്. 24 മണിക്കൂറും സിറ്റി ചെക്ക്-ഇന്‍ പ്രവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-4449671 എന്ന നമ്പറില്‍ ബന്ധപ്പെടണം. അബുദാബി മാളിന് സമീപത്തുള്ള സിറ്റി ചെക്ക്-ഇന്‍ സൗകര്യത്തെക്കുറിച്ചറിയാന്‍ 02-6448434 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ